ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഏക ട്വന്റി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒന്‍പതു വിക്കറ്റ് വിജയം. സ്വന്തം നാട്ടില്‍   രാജ്യാന്തര ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വിന്‍ഡീസ് താരം എന്ന റെക്കോര്‍ഡോടെ ഇവിന്‍ ലൂയിസ് നടത്തിയ വെടിക്കെട്ടാണ് (62 പന്തില്‍ 125) ആതിഥേയര്‍ക്ക് ഉജ്വല വിജയം സമ്മാനിച്ചത്. മര്‍ഡലോണ്‍ സാമുവല്‍സ് 36 റണ്‍സുമായി ലൂയിസിന് മികച്ച പിന്തുണ നല്‍കി. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിട്ടു. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റണ്‍സെടുത്തത്. ദിനേശ് കാര്‍ത്തിക് (48), വിരാട് കോഹ്ലി (39), ശിഖര്‍ ധവാന്‍ (23) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. റിഷഭ് പന്ത് 38 റണ്‍സ് നേടിയെങ്കിലും 35 പന്തുകളില്‍നിന്നായിരുന്നു നേട്ടം. ധോണി (2), കേദാര്‍ യാദവ (4) എന്നിവര്‍ക്കു തിളങ്ങാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ ആറിനു 190 എന്ന ഇന്ത്യ സ്‌കോറിനു മറുപടിയായി തുടക്കം മുതല്‍ ഇവിന്‍ ലൂയിസ് ആഞ്ഞടിച്ചു. 12 സിക്‌സറും ആറു ബൗണ്ടറിയും ഉള്‍പ്പെട്ട ഇന്നിങ്‌സ്. ഏറെക്കാലത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്ല്‍ (18)പെട്ടെന്നു മടങ്ങിയെങ്കിലും  പിന്നാലെയെത്തിയ മര്‍ലോണ്‍ സാമുവല്‍സ് (36) ലൂയിസിനൊപ്പം ചേര്‍ന്നു വിന്‍ഡീസിനെ വിജയത്തിലെത്തിച്ചു. അടികൊണ്ട് വശംകെട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ 15 റണ്‍സ് എക്‌സട്രാ ഇനത്തില്‍ വിട്ടുകൊടുക്കുകയും ചെയ്തു. മൂന്ന് ഓവറില്‍ 46 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് കണക്കിനു തല്ലുവാങ്ങിച്ചത്. ഫീല്‍ഡിംഗിലും നീലപ്പട പൂര്‍ണ പരാജയമായിരുന്നു. സൂപ്പര്‍ കീപ്പര്‍ ധോണിക്കുപോലും പിഴവ് പറ്റിയപ്പോള്‍ വിജയം അകന്നതില്‍ അത്ഭുതമില്ല. വിന്‍ഡീസിനായി ജെറോം ടെയ്‌ലര്‍, കെര്‍സിക് വില്യംസ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ