ന്യൂസ് ഡെസ്ക് മലയാളം യുകെ

വോൾവർ ഹാംപ്ടണിൽ 19 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 12 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്ക് എതിരെ കേസെടുത്തു. ഷോൺ സീസഹായ്ക്ക് എന്ന പേരുകാരനായ വ്യക്തിയാണ് ഈസ്റ്റ് പാർക്കിലെ ലാബർണം റോഡിൽ കൊല്ലപ്പെട്ടത്. ആശുപത്രിയിലേയ്ക്ക് ആംബുലൻസ് എത്തിയെങ്കിലും സംഭവസ്ഥലത്ത് തന്നെ ഇയാൾ മരണമടഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നിയമപരമായ കാരണത്താൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത രണ്ട് ആൺകുട്ടികൾക്ക് എതിരെ ഷോൺ സീസാഹായുടെ കൊലപാതകത്തിനും കത്തികൾ കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് അറിയിച്ചു. ഇവരെ ഇന്ന് ബർമിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന ഈസ്റ്റ് പാർക്കിൽ പോലീസ് പട്രോളിങ് തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


യുകെയിൽ നടക്കുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .