വാഴക്കുളത്ത് വാഹനാപകടത്തിൽ മരിച്ച പ്രജേഷിൻ്റേയും മകൾ രണ്ടര വയസ്സുകാരി അലാനയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു ദർശനത്തിന്ു വച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സെൻ്റ് ജോർജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇരുവരുടേയും മൃതദേഹങ്ങൾ കൂവേലിപ്പടിയിലുള്ള വീട്ടിലെത്തിച്ചത്. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. ആദ്യം പ്രജേഷിൻ്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. തുടർന്ന് അലാന മോളുടെ മൃതദേഹം എത്തിക്കുകയായിരുന്നു.

ദുരന്തത്തിൽ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു പ്രജേഷിൻ്റെ ഭാര്യ അനു. പൊന്നുമോളുടെയും പ്രിയ ഭർത്താവിൻ്റെയും ചേതനയറ്റ ശരീരം കണ്ട് അനു മുറിയിൽ തളർന്നുവീണ് പൊട്ടിക്കരഞ്ഞു. അനുവിൻ്റെ സങ്കടം അവിടെ കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കൊല്ലത്ത് ജർമൻ ഭാഷാ പരിശീലനത്തിനായി പോയിരുന്ന അനു തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടിലെത്തിയത്. അപകടത്തെക്കുറിച്ച് വ്യക്തമായി അറിയിച്ചിരുന്നില്ല. എന്നാൽ അധികനേരം ദുരന്തം ഒളിപ്പിച്ചുവയ്ക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ദുരന്തം തിരിച്ചറിഞ്ഞതോടെ അതിനെ ഉൾക്കൊള്ളാനാവാതെ അലമുറയിട്ട് അനു നിലവിളിച്ചു. അനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നിസ്സഹായരായി മാറുന്ന കാഴ്ചയ്ക്കാണ് മരണ വീട് സാക്ഷ്യം വഹിച്ചത്.

പ്രജേഷിനേയും അലാനമോളേയും അവസാനമായി ഒരു നോക്കുകാണാൻ ബന്ധുക്കളും നാട്ടുകാരുമായി ഏറെജനങ്ങൾ വീട്ടിലെത്തിയിരുന്നു. ഉറക്കത്തിലെന്ന പോലെയാണ് അലാനമോൾ ചലനമറ്റ് കിടന്നിരുന്നത്. ആ കാഴ്ച ഏവരേയും വേദനിപ്പിച്ചിരുന്നു. മകൻ്റെയും കുഞ്ഞുമോളുടെയും അനക്കമറ്റ ശരീരം കണ്ടതോടെ പ്രജേഷിൻ്റെ മാതാപിതാക്കളായ റോസിലിയ്ക്കും പോളിനും സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയായി. ഇന്നുരാവിലെ 10.30-ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ വച്ച് സംസ്കാരം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വാഴക്കുളത്ത് പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി രണ്ടര വയസ്സുകാരി ഉൾപ്പെടെ മൂന്നു കാൽനട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രജേഷിനും അലാനയ്ക്കുമൊപ്പം കൂവേലിപ്പടി സ്വദേശിനിയായ മേരിയും മരണപ്പെട്ടിരുന്നു. റോഡിന് വശത്തുകൂടെ നടന്നുപോയവരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട പാഴ്സൽ ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഴക്കുളം മടക്കത്താനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്തുള്ളവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസസമയം അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

പാഴ്സൽ ലോറി മൂവാറ്റുപുഴയിൽ നിന്നും വരികയായിരുന്നു . കാൽനടയാത്രക്കാരെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഹനവും മീറ്ററുകളോളം ദൂരത്തിൽ തെറിച്ചു പോയിരുന്നു. അമിത വേഗതയിലായിരുന്നു വാഹനം വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

അപകടത്തിൽപ്പെട്ട മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നത്. മരണപ്പെട്ട പ്രജേഷ് അപകടം നടന്ന സ്ഥലത്തിന് നൂറു മീറ്റർ അകലെ കട നടത്തുന്ന വ്യക്തിയാണ്. തൻ്റെ രണ്ടര വയസ്സുള്ള മകളെയും എടുത്ത് പ്രജേഷ് കടയിലേക്ക് വരുകയായിരുന്നു. അപകടത്തിൽപ്പെട്ട മരണപ്പെട്ട മേരി കാൽനട യാത്രക്കാരിയാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് മേരി അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.

ബ്ലൂ ഡാർട്ട് കൊറിയറിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. വാഹനം സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടം നടന്ന സ്ഥലം ഇതിനുമുമ്പും നിരവധി അപകടങ്ങൾക്ക് വേദിയായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൂന്നു മൃതദേഹങ്ങളും തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.