ലണ്ടന്‍: മഞ്ഞപ്പനി പ്രതിരോധ കുത്തിവെപ്പ് എടുത്ത രണ്ടുപേര്‍ ബ്രിട്ടനില്‍ മരണപ്പെട്ടതിന് പിന്നാലെ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഹെല്‍ത്ത് ചീഫുമാര്‍. പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് വാക്‌സിനുകള്‍ നല്‍കരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മഞ്ഞപ്പനി പ്രതിരോധിക്കുന്നതിനായി കരുതുന്ന വാക്‌സിന്‍ കുത്തിവെച്ച രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായത്. സാധാരണയായി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലകളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ കുത്തിവെപ്പ് നല്‍കാറുള്ളത്. എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളില്‍ ഈ വാക്‌സിന്‍ കുത്തിവെക്കുന്നത് വലിയ അപകടം വരുത്തിവെക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മഞ്ഞപ്പനി(Yellow fever) ഒരു ജന്തുജന്യ രോഗമാണ് (Zoonosis). രോഗത്തിന് കാരണക്കാരന്‍ 40-50 നാനോ മീറ്റര്‍ മാത്രം വലിപ്പമുള്ള ഫ്‌ലാവി വൈറസ് കുടുംബത്തിലെ ആര്‍.എന്‍.എ (RNA) ഘടനയുള്ള ഒരു ആര്‍ബോ-വൈറസാണ് (Arthropod borne virus). മുഖ്യമായും കുരങ്ങുകളെയും, മറ്റു കശേരുകങ്ങളെയും ബാധിക്കുന്ന ഈ രോഗം ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഇതുവരെ എത്തപ്പെട്ടിട്ടില്ല. മഞ്ഞപ്പനി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലകളില്‍ സര്‍വ സാധാരണമാണ്. രോഗം പകര്‍ത്തുന്നത് പ്രധാനമായും ഈഡിസ് ഈജിപ്തി പെണ്‍ കൊതുകുകളാണ്. ബ്രിട്ടനില്‍ സാധാരണയായി കണ്ടുവരാത്ത അസുഖമാണ് മഞ്ഞപ്പനി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗം പടരാതിരിക്കാനാണ് പ്രധാനമായും ഇതിനെതിരായ വാക്‌സിനുകള്‍ എടുക്കുന്നത്. യാത്രകള്‍ നടത്താനിരിക്കുന്നവരാണ് ഇത്തരം വാക്‌സിനുകള്‍ കുത്തിവെക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഈ വാക്‌സിനുകള്‍ അപകടകാരികളായി മാറിയേക്കും. മില്യണില്‍ ഒരു വാക്‌സിന്‍ ഡോസ് വിപരീത ഫലം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബ്രിട്ടനിലുണ്ടായ രണ്ട് കേസും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. മരണപ്പെട്ട രണ്ട് പേരുടെയും വ്യക്തിവിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ഇരുവരും 60 വയസിന് മുകളില്‍ പ്രായമായവരാണെന്നാണ് സൂചന. വാകസിന് എടുക്കുന്നതിന് മുന്‍പ് തങ്ങളുടെ രോഗപ്രതിരോധശേഷി പ്രായം തുടങ്ങിയ കാര്യത്തില്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടണമെന്ന് ഹെല്‍ത്ത് ചീഫുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.