തൃശൂരില്‍ ഒരേ രജിസ്ട്രേഷന്‍ നമ്പറുമായി രണ്ട് സ്വകാര്യ കാറുകള്‍. ആലുവ സ്വദേശിനിയുടെയും അവരുടെ ബന്ധുവിന്റെയും കാറുകള്‍ക്കാണ് ഒരേ രജിസ്ട്രേഷന്‍ നമ്പറുകള്‍ ഉള്ളത്. തൃശൂര്‍ കാസിനോ ഹോട്ടലിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ നമ്പര്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ശ്രദ്ധിച്ചത്.

രണ്ടുകാറുകള്‍ക്കും ഒരേ നമ്പര്‍ കണ്ട് പന്തികേട് തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ ഒരു കാറില്‍ രണ്ട് യുവതികളും മറ്റൊരു കാറില്‍ അവരുടെ ബന്ധുവായ യുവാവുമായിരുന്നു വന്നതെന്ന് കണ്ടെത്തി. കാറുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രമുഖ പത്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് രണ്ടു കാറുകള്‍ക്കും ഒരേ നമ്പര്‍ എങ്ങിനെ വന്നു എന്നതിന്റെ കാരണം പുറത്തു വന്നത്. ആലുവ സ്വദേശിനിയുടെ മനസ്സില്‍ തെളിഞ്ഞ ഒരു ആശയമായിരുന്നു ഇത്. പോണ്ടിച്ചേരി റജിസ്‌ട്രേഷനിലുള്ള കാര്‍ പണം കൊടുത്ത് വാങ്ങിയെങ്കിലും ഇടനിലക്കാരന്‍ ആര്‍സി ബുക്ക് കൈക്കലാക്കി. കൂടുതല്‍ പണം തന്നാലെ ആര്‍സി ബുക്ക് നല്‍കുകയുള്ളു എന്ന് അയാള്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണം നല്‍കാന്‍ ആലുവ സ്വദേശിനി വിസമ്മതിച്ചു. ഇടനിലക്കാരന്‍ ആര്‍ സി ബുക്ക് വിട്ടുനല്‍കാതെ കാര്‍ കൈക്കലാക്കാന്‍ നോക്കി. ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഒരു രക്ഷയുമില്ലെന്നു തോന്നിയപ്പോഴാണ് ഇടനിലക്കാരനെ പറ്റിക്കാന്‍ രജിസ്ട്രേഷന്‍ നമ്പര്‍ തന്നെ മാറ്റിയത്. പിന്നീട് ഏതു നമ്പര്‍ ഇടുമെന്ന് ആലോചിച്ചു. അങ്ങനെയാണ് ബന്ധുവിന്റെ ഹോണ്ടാ സിറ്റിയുടെ നമ്പര്‍ തന്നെ തിരഞ്ഞെടുത്തത്. ഇത് സുരക്ഷിതമാണെന്ന് അവര്‍ കരുതി.

എന്‍ജിന്‍ നമ്പറും ചെയ്സ് നമ്പറും മാറ്റിയിട്ടില്ലാത്തതിനാല്‍ കള്ളവണ്ടിയെന്ന പേരില്‍ കേസെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. ആര്‍ സി ബുക്ക് ആര് ഹാജരാക്കുന്നോ അവര്‍ക്ക് കാര്‍ കൊടുക്കാനാണ് പൊലീസിന്റെ തീരുമാനം. നിലവിലുള്ള നമ്പര്‍ പ്ലേറ്റ് മാറ്റി യഥാര്‍ത്ഥ നമ്പര്‍ പതിക്കുമെന്നും പൊലീസ് പറഞ്ഞു.