കണ്ണൂര്‍ പഴയങ്ങാടി പൊലീസിന് ഇപ്പോള്‍ അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ജന തിരക്കേറിയ ടൗണിലെ കട നട്ടുച്ചയ്ക്ക് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ട്ടിച്ചവരെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഒന്‍പത് കേസുകള്‍. അങ്ങനെ ശകാരങ്ങള്‍ അഭിനന്ദനങ്ങളിലേക്ക് വഴിമാറി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ പഴയങ്ങാടി എസ്ഐ പി.എ.ബിനുമോഹനനും സംഘവുമാണ് കേസ് അന്വേഷിച്ചത്.
പുതിയങ്ങാടി സ്വദേശികളായ എ.പി.റഫീഖ്, കെ.വി.നൗഷാദ് എന്നി പ്രതികള്‍ സ്കൂട്ടറില്‍ സഞ്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലെ വ്യക്തതകുറവും കവര്‍ച്ച നടത്തിയത് ആരാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുകളും ഇല്ലാതിരുന്നത് പൊലീസിനെ വട്ടം കറങ്ങി. ഇരുവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളെ തുടര്‍ച്ചയായി നിരീക്ഷിച്ചതിലൂടെയാണ് ഇവര്‍ തന്നെയാണ് പ്രതികളെന്ന് ഉറപ്പിച്ചത്. വീണ്ടും ഇരുവരെയും ചോദ്യം ചെയ്തതോടെ ഒന്നല്ല ഒന്‍പത് കുറ്റങ്ങള്‍ സമ്മതിച്ചു. പരാതി ലഭിക്കാത്ത തളിപ്പറമ്പിലെ മോഷണ ശ്രമവും ഏറ്റുപറഞ്ഞു. പഴയങ്ങാടിയിലെ സ്വര്‍ണക്കടയില്‍നിന്ന് മോഷ്ട്ടിച്ച രണ്ട് കിലോ എണ്ണൂറ് ഗ്രാം സ്വർണാഭരണങ്ങളും ഒന്നരലക്ഷം രൂപയും പൊലീസിന് കാണിച്ചുനല്‍കി.
കടയുടമയും തൊഴിലാളികളും ജുമുഅ നമസ്കാരത്തിനായ പോയ സമയത്തായിരുന്നു മോഷണം. പെയിന്റ് തൊഴിലാളികളുടെ വേഷത്തിലെത്തി കടയുടെ മുന്‍പില്‍ തുണി വലിച്ചുകെട്ടി ഇരുപത്തിയഞ്ചുമിനിറ്റ് കൊണ്ട് കവര്‍ച്ച നടത്തി. തെളിവ് നശിപ്പിക്കാനായി സിസിടിവി ക്യാമറയില്‍ പെയിന്റടിക്കുകയും ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുകയും ചെയ്തു. സമീപത്തുള്ള കടകളിലൊന്നും സിസിടിവികളില്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പ്രതികള്‍ അകത്ത് കടന്നത്.
കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും വീടുകളിലെക്ക് മടങ്ങി. ത്രാസ് ഉപയോഗിച്ച് തുല്യമായാണ് ഇരുവരും മോഷണവസ്തുക്കള്‍ വീതംവച്ചെടുത്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ റഫീഖ് കവര്‍ച്ച ചെയ്ത ആഭരണങ്ങളും പണവും അടുക്കളിയിലാണ് ഒളിപ്പിച്ചുവച്ചത്. വീടിന് പുറകുവശത്ത് സ്യൂട്ട് കേസിലാക്കി തൊണ്ടിമുതല്‍ നൗഷാദ് കുഴിച്ചിടുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ പെയിന്റ് മാറ്റിയതായും കണ്ടെത്തി. ഇതു കവര്‍ച്ച ചെയ്ത തൊണ്ടിമുതലായിരുന്നു. പ്രതികള്‍ കടന്നുപോയ വഴികളിലെ കടകളിലും വീടുകളിലും സ്ഥാപിച്ച നാല്‍പത് ക്യാമറകള്‍ പരിശോധിച്ചശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സമീപവാസികളായ കള്ളന്‍മാരെ കാണാനായി നൂറുകണക്കിന് ആളുകളാണ് പഴയങ്ങാടി സ്റ്റേഷനിലെത്തിയത്. ജില്ലാ പൊലീസ് മേധാവിയെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. പ്രതികളുടെ മോഷണ പരമ്പരകേട്ട് നാട്ടുകാരും നിശബ്ദരായി പോയി. എന്നാല്‍ ഈ നേരമെല്ലാം മുഖത്ത് ഒരു ഭാവ വിത്യാസുമില്ലാതെയാണ് പ്രതികള്‍ നിന്നത്. കടയുടമകൂടി സ്റ്റേഷനിലെത്തിയതോടെ പൊലീസ് ലഡു വിതരണം തുടങ്ങി. നാട്ടുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഡു നല്‍കിയ പൊലീസ് പ്രതികള്‍ക്ക് നേരെ ലഡു നീട്ടിയെങ്കിലും വാങ്ങിയില്ല.
Leave a Reply