ആരോഗ്യ മേഖലയിൽ ആശങ്ക ഉളവാക്കി വീണ്ടും ലിസ്റ്റീരിയ മരണങ്ങൾ. ലിസ്റ്റീരിയ രോഗം ബാധിച്ച രണ്ടു പേർ കൂടി മരണപ്പെട്ടു എന്ന് റിപ്പോർട്ടുകൾ. ജൂൺ 14നാണ് രണ്ടുപേർ മരിച്ചത്. ഇതോടെ ലിസ്റ്റീരിയ ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കുകൾ പ്രകാരം ലിസ്റ്റീരിയ ബാധിച്ചവർ ആകെ ഒൻപത് പേരാണ്. ആശുപത്രിയിൽ നിന്നും ലഭിച്ച സാൻവിച്ചിലൂടെയാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ചത്. ദി ഗുഡ് ഫുഡ് ചെയിൻ ആണ്  ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവരുടെ സലാഡ് & സാൻവിച്ചിലാണ് ലിസ്റ്റീരിയ ബാക്ടീരിയ കണ്ടെത്തിയത്. ഇതുമൂലം ലഘുഭക്ഷണം ഉണ്ടാക്കുന്നത് ദി ഗുഡ് ഫുഡ് ചെയിൻ നിർത്തലാക്കിയിരുന്നു. ഇവർക്ക് ഇറച്ചി ഉൽപ്പന്നങ്ങൾ നൽകുന്നത് നോർത്ത് കൺട്രി കുക്ക്ഡ് മീറ്റ്സ് ആണ്. അതിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിസ്റ്റീരിയോസിസ് അഥവാ ലിസ്റ്റീരിയ, ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ഒരു രോഗമാണ്. 70 ദിവസം കഴിഞ്ഞ് മാത്രമാണ് രോഗലക്ഷണങ്ങൾ കാണുക. ഗർഭിണികളായ സ്ത്രീകൾ, പ്രായംചെന്നവർ, നവജാതശിശുക്കൾ എന്നിവരെയാണ് പ്രധാനമായും രോഗം ബാധിക്കുക. ഭക്ഷണം വിഷമയമാകുന്നതിന്റെ പ്രധാന കാരണം ലിസ്റ്റീരിയ ബാക്ടീരിയയാണ്. ജലം, മണ്ണ്, താഴ്ന്ന താപനില എന്നിവയിലൊക്കെ ലിസ്റ്റീരിയ ബാക്‌ടീരിയക്ക് നിലനിൽക്കുവാനും വർദ്ധിക്കുവാനും കഴിയും. ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുവാൻ കാരണമായ പ്രധാന സ്രോതസ്സുകൾ ഇറച്ചി, ചീസ്, തിളപ്പിക്കാത്ത പാൽ തുടങ്ങിയവയാണ്. പനി, ഛർദ്ദി, തലവേദന പേശികൾക്ക് ഉണ്ടാകുന്ന വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ലിസ്റ്റിരിയ രോഗത്തിന്റെ മരണനിരക്ക് വളരെ കൂടുതലാണ്.

ഏപ്രിൽ 25നാണ് ആദ്യത്തെ കേസിൽ ലക്ഷണങ്ങൾ കണ്ടത്. മെയ്‌ 25നാണ് ഭക്ഷണം ആശുപത്രിയിൽ നിന്നും നീക്കം ചെയ്ത്. എന്നാൽ ജൂൺ ഏഴിന് മാത്രമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ലിസ്റ്റീരിയ പൊട്ടിപ്പുറപ്പെട്ടതിനെപ്പറ്റി വെളിപ്പെടുത്തിയത്. ഹെൽപ്പ് ലൈൻ നൽകാൻ പി എച്ച് ഇ കൂട്ടാക്കിയില്ല എന്നും ആരോപിക്കപ്പെടുന്നുണ്ട്. മുൻ ലേബർ ഹെൽത്ത് മിനിസ്റ്റർ ബോൺ ബ്രാഡ്‌ഷോ ഇപ്രകാരം പറഞ്ഞു “ജനങ്ങൾക്ക് എല്ലാം അറിയുവാനുള്ള അവകാശം ഉണ്ട്. എൻഎച്ച്എസ് അവരുടെ നയങ്ങളെല്ലാം പുനർ പരിശോധിക്കേണ്ടിയിരിക്കുന്നു.” ജനങ്ങളെ സംരക്ഷിക്കുവാൻ നടപടി എടുത്തു കഴിഞ്ഞിരിക്കുന്നു എന്നാണ് പി എച്ച് ഇ യിലെ ഡോക്ടർ നിക്ക് ഫിൻ പറഞ്ഞത്. ലിസ്റ്റീരിയയുടെ പൊട്ടിപ്പുറപ്പെടൽ ജനങ്ങളിൽ ഭീതി ഉളവാക്കിയിട്ടുണ്ട്. രോഗം ബാധിക്കാതിരിക്കാൻ ജനങ്ങൾ പല മുൻകരുതലുകളും എടുക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തിനു മുൻപ് കൈകൾ കഴുകി എന്നുറപ്പുവരുത്തുക, ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ഇറച്ചി, കോഴി തുടങ്ങിയവ നല്ലതുപോലെ വേവിച്ചു മാത്രം കഴിക്കുക, ഫ്രിഡ്‌ജിൽ താപനില 40 ഫാരൻഹീറ്റിൽ താഴത്തെ നില നിർത്തുക തുടങ്ങിയ മുൻകരുതലുകൾ രോഗ പ്രതിരോധത്തിനായി ജനങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.