ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ എടുത്ത മദ്യനയ അഴിമതിക്കേസില്‍ രണ്ട് മലയാളികളും പ്രതികള്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേരില്‍ വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിജയ് നായര്‍ അഞ്ചാം പ്രതിയും അരുണ്‍ രാമചന്ദ്രപിള്ള പതിനാലാം പ്രതിയുമാണ്.

എ എ പിയില്‍ കെജ്രിവാള്‍ കഴിഞ്ഞാല്‍ രണ്ടാമനായി അറിയപ്പെടുന്ന മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്സിക്യുട്ടീവ്സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ഡല്‍ഹിയില്‍ 2021 നവംബറില്‍ നടപ്പാക്കിയ മദ്യനയത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നു എന്ന ലെഫ്റ്റ്നെന്റ് ഗവര്‍ണര്‍ വി.കെ സക്സേന ശുപാര്‍ശ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് ഇപ്പോഴും നടക്കുകയാണ്. പുതിയ മദ്യനയം സംബന്ധിച്ച രേഖകള്‍ പിടികൂടിയതായി സിബിഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി അടക്കം 7 സംസ്ഥാനങ്ങളിലായി 21 ഇടങ്ങളില്‍ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.