അനധികൃതമായി കുടിയേറാൻ ശ്രമിച്ച് പിടിയിലായതിനെ തുടർന്ന് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരിൽ രണ്ടുപേരെ കൊലപാതക കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരിൽ പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്.

2023 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) നാനക് സിങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്പുര പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

നാടുകടത്തപ്പെട്ട് അമൃത്‌സറിലെത്തുന്ന ഇന്ത്യക്കാരിൽ കൊലപാതകകേസിൽ ഉൾപ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ ജാഗ്രതയോടെ നടത്തിയ ഇടപ്പെടലിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023 ജൂണിലാണ് സന്ദീപിനും മറ്റ് നാല് പേർക്കുമെതിരെ രാജ്പുര പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ സന്ദീപിനും കേസിൽ പങ്കുണ്ടെന്ന് വ്യക്തമാകുകയും എഫ്ഐആറിൽ പേര് ചേർക്കുകയുമായിരുന്നു.

ശനിയാഴ്ച രാത്രി 11.40 ഓടെയാണ് അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ഇന്ത്യക്കാരെ അമൃത്‌സർ വിമാനത്താവളത്തിലെത്തിച്ചത്. കൈവിലങ്ങണിയിച്ചും കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നാണ് വിവരം. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈ ആഴ്ചതന്നെ മൂന്ന് വിമാനങ്ങളിലായി കൂടുതൽ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.