ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്റ്റോക് -ഓൺ – ട്രെന്റിലെ ആഗ്നേസ് & ആർതർ ഡിമെൻഷ്യ കെയർ ഹോമിലെ അന്തേവാസികളായ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. 38 അന്തേവാസികൾ ഉള്ള ഹോമിൽ, 31 ഓളം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവർ ഉൾപ്പെടെ എല്ലാവരും തന്നെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരായിരുന്നു. വാക്സിൻ റെസിസ്റ്റന്റ് ആയ പുതിയ ജനിതക മാറ്റം വന്ന വൈറസാണോ രോഗബാധയ്ക്ക് കാരണം എന്ന് ഇതുവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല. അന്തേവാസികളെ കൂടാതെ ഹോമിലെ പത്തോളം കെയർടേക്കർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധ തുടങ്ങി ഇത്രയും നാളിനിടയിൽ ഹോമിലെ ആർക്കും തന്നെ രോഗം ബാധിച്ചിരുന്നില്ല. ഏജൻസി ജോലിക്കാരാണ് രോഗം മറ്റുള്ളവരിലേക്ക് എത്തിച്ചത് എന്നാണ് സ്ഥാപന നടത്തിപ്പുകാരായ സേഫ് ഹാർബറിന്റെ അധികൃതർ വ്യക്തമാക്കുന്നത്. ഹോമിൽ രോഗ ബാധ സ്ഥിരീകരിച്ചത് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്നും അവർ വ്യക്തമാക്കി. സ്റ്റോക് -ഓൺ -ട്രെന്റ് സിറ്റി കൗൺസിലും,എൻ എച്ച് എസ്‌ ജീവനക്കാരും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമെല്ലാം സേഫ് ഹാർബർ അധികൃതരോട് ചേർന്ന് രോഗം നിയന്ത്രിക്കാനായി പരിശ്രമിക്കുകയാണ്. വാക്‌സിൻ റെസിസ്റ്റന്റ് വൈറസിനുള്ള സാധ്യതയും തള്ളികളയുന്നില്ല.


എന്നാൽ അത്തരത്തിലൊരു സാധ്യത പൂർണമായും തള്ളിക്കളഞ്ഞ രീതിയിലാണ് ഡയറക്ടർ ഓഫ് സോഷ്യൽ കെയർ &ഹെൽത്ത്‌, പോൾ എഡ്മണ്ട്സൺ ജോൺസ് പ്രതികരിച്ചത്. അത്തരത്തിൽ വാക്സിൻ റെസിസ്റ്റന്റായ ഒരു വൈറസിന്റെ സാന്നിധ്യം ടെസ്റ്റുകളിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഉറപ്പു നൽകിയത്. ഏജൻസി ജീവനക്കാരിലൂടെ തന്നെയാണ് കോവിഡ് ബാധ പടർന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് ഏജൻസി ആണ് എന്നുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ല.