ശാസ്ത്രലോകത്തിന് വിസ്മയം സമ്മാനിച്ചുകൊണ്ട് നക്ഷത്രങ്ങളുടെ കൂട്ടിയിടി. വാഷിംഗ്ടണ്‍, ലൂസിയാന എന്നിവിടങ്ങളിലെ ലിഗോ ഡിറ്റക്ടറുകളിലാണ് ഈ വന്‍ സ്‌ഫോടനത്തേത്തുടര്‍ന്നുള്ള ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ രേഖപ്പെടുത്തിയത്. വന്‍തോതില്‍ ദ്രവ്യമടങ്ങിയ നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടലാണ് നടന്നത്. ഭൂമിയില്‍ നിന്ന് 130 ദശലക്ഷം പ്രകാശവര്‍ഷം അകലെ നടന്ന ഈ നക്ഷത്ര സംയോജനത്തില്‍ വലിയ തോതില്‍ സ്വര്‍ണ്ണവും ഘന മൂലകങ്ങളായ പ്ലാറ്റിനവും യുറേനിയലും പുറന്തള്ളിയിട്ടുണ്ട്.
ഈ സംഭവം ആസ്‌ട്രോഫിസിക്‌സില്‍ പുതിയൊരു പഠനമേഖലയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ വിറപ്പിച്ചുകൊണ്ടുള്ള സ്‌ഫോടനമാണ് ഉണ്ടായത്. ഭൂമിയില്‍ ഗ്രാവിറ്റേഷണല്‍ തരംഗങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയ അഞ്ചാമത്തെ സംഭവമാണ് ഇത്. പ്രപഞ്ചത്തിലുണ്ടായ തരംഗങ്ങളിലൂടെ മാത്രമല്ല ഈ കൂട്ടിയിടി സ്ഥിരീകരിച്ചത്. ഉപഗ്രഹങ്ങളിലും ഭൂമിയിലുമുള്ള ടെലിസ്‌കോപ്പുകളിലൂടെ സ്‌ഫോടനഫലമായുണ്ടായ വികിരണങ്ങളും പ്രകാശവും കാണാനും ശാസ്ത്രജ്ഞര്‍ക്കായി. സ്‌ഫോടനം സൃഷ്ടിച്ച പ്രകാശവലയം കിലോനോവ എന്നാണ് അറിയപ്പെടുന്നത്.
നക്ഷത്രങ്ങളുടെ സൃഷ്ടിയേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതേക്കുറിച്ച് നടക്കുന്ന കൂടൂതല്‍ പഠനങ്ങള്‍ സഹായിക്കും. ശതകോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ നടന്ന തമോഗര്‍ത്തങ്ങളുടെ സംയോജനം മൂലമുണ്ടായ ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ മാത്രമാണ് ഇതേ വരെ ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യമായാണ് നക്ഷത്രങ്ങള്‍ തമ്മില്‍ നടന്ന കൂട്ടിമുട്ടലിലുണ്ടായ തരംഗങ്ങള്‍ കണ്ടെത്തുന്നത്. പ്രത്യ.ക്ഷത്തില്‍ വളരെ ദൂരെയാണെങ്കിലും മറ്റു സംഭവങ്ങളെ അപേക്ഷിച്ച് താരതമ്യേന അടുത്ത് നടന്ന മഹാവിസ്‌ഫോടനമാണ് ഇതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.
ന്യൂട്രോണ്‍ സ്റ്റാറുകളാണ് കൂട്ടിമുട്ടിയത്. അതുകൊണ്ടുതന്നെ വളരെ വ്യത്യസ്തമായ സ്‌ഫോടനമായിരുന്നു ഇത്. സൂര്യനേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുള്ള നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളായ ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ ഭൂമിയിലെ ഒരു ടീസ്പൂണോളം മാത്രം വലിപ്പമുള്ള വസ്തുവിന് കോടിക്കണക്കിന് ടണ്‍ ഭാരമുണ്ടാകും. അത്രയും പിണ്ഡമുള്ള 12 മൈല്‍ വീതം ചുറ്റളവുള്ള രണ്ട് നക്ഷത്രങ്ങളാണ് കൂട്ടിമുട്ടിയത്. ഇതുമൂലമുണ്ടായ ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ പ്രപഞ്ചമൊട്ടാകെ പ്രകാശ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.
Leave a Reply