മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ച് കോയമ്പത്തൂരിൽ ല്‍ നിന്ന് നാട്ടിലേക്ക് വന്ന എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. കല്ലുമല ഉമ്ബര്‍നാട് നടാപ്പള്ളില്‍ ശിവകുമാര്‍-സുധാകുമാരി ദമ്ബതികളുടെ മകന്‍ ശങ്കര്‍കുമാര്‍(ശംഭു-21), ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ നിവാസില്‍ ഉണ്ണിക്കൃഷ്‌ണന്‍-ഗീതാകുമാരി ദമ്ബതികളുടെ മകന്‍ കിരണ്‍കൃഷ്‌ണ(21) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30 ന് ദേശീയപാതയില്‍ ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങരയിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീയണച്ചത്.
മൂന്ന് ദിവസം മുമ്പ് പുതിയ ബുള്ളറ്റിൽ ആദ്യ ദൂരയാത്രയ്ക്ക് അച്ഛന്റെയും, അമ്മയുടെയും അനുഗ്രഹം വാങ്ങി സന്തോഷത്തോടെ കിരൺ ഇറങ്ങിയപ്പോൾ അവർ ഒരിക്കലും അറിഞ്ഞിരുന്നില്ല അത് തിരികെവരാത്ത യാത്രയാകുമെന്ന്. ഖത്തറിൽ ജോലി ചെയ്യുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയപ്പോൾ വാങ്ങിക്കൊടുത്തതായിരുന്നു അപകടത്തിൽ കത്തിയമർന്ന ബുള്ളറ്റ് . ഏറെ കൊതിച്ച ബൈക്ക് കോയമ്പത്തൂരിലെ സഹപാഠികളെ കാണിക്കാൻ കഴിഞ്ഞ അഞ്ചാം തീയതിയാണ് പോയത്.
5ന് സുഹൃത്ത് ശങ്കർകുമാറിനൊപ്പം കൊച്ചിയിൽ ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി ഫുട്ബോൾ മത്സരം കണ്ട ശേഷം കൊടൈക്കനാലിലേക്കു പോയി. പിന്നീടു കോയമ്പത്തൂർ കർപ്പകം എൻജിനീയറിങ് കോളജിലെത്തി. അവിടെ നിന്നു തിരികെ വരും വഴിയായിരുന്നു അമിത വേഗം ദുരന്തമായി തീർന്നത്.
കിരൺ കൃഷ്ണന്റെയും ശങ്കർകുമാറിന്റെയും സുഹൃത്ത് അടൂർ സ്വദേശി ജോജി അപകടം കണ്ടു തളർന്നു വീണു. തീ അണയ്ക്കാൻ ജോജി നാട്ടുകാർക്കൊപ്പം ഏറെ ശ്രമിച്ചിരുന്നു. ശങ്കർകുമാർ തീയിൽപ്പെട്ടു പിടയുന്നതു കണ്ടു ജോജി റോഡിൽ തളർന്നുവീഴുകയായിരുന്നു. പൊലീസ് എത്തി ജോജിയെ സ്റ്റേഷനിലേക്കു മാറ്റി. മണിക്കൂറുകളോളം അപകടദൃശ്യത്തിന്റെ ആഘാതത്തിലായിരുന്നു ജോജി. പിന്നീടു ജോജിയിൽ നിന്നാണ് അപകടത്തിൽ പെട്ടവരെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്.
ദീപാവലി അവധിക്ക് നാട്ടിലുണ്ടായിരുന്ന ശങ്കറും കിരണും ജോജിയും കഴിഞ്ഞ ദിവസം കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം കണ്ടശേഷമാണു കൊടൈക്കനാലിൽ എത്തിയത്. പിന്നെ മൂന്നുപേരും രണ്ടു ബൈക്കിലായി നാട്ടിലേക്കു തിരിച്ചു. രണ്ടു ദിവസം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ മരണം ജോജിയെ ആകെ തളർത്തി. നാട്ടിൽനിന്നെത്തിയവർക്കൊപ്പമാണ് ജോജി വീട്ടിലേക്കു പോയത്.
ലോറിയുടെ ഡീസൽ ടാങ്കിൽ ബൈക്ക് ഇടിച്ചതാണു തീ പടരാൻ കാരണമെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. 500 സിസി ബൈക്കിന്റെ ക്രാഷ് ഗാർഡ് ഡീസൽ ടാങ്കിൽ ഇടിച്ചപ്പോൾ ടാങ്ക് പൊട്ടിയെന്നും ഡീസലിനു തീപിടിച്ചു ബൈക്കിലേക്കു പടർന്നെന്നുമാണു കരുതുന്നത്. വളരെ ദൂരം ഓടിയതിനാൽ ബൈക്കിന്റെ എൻജിൻ ചൂടായ നിലയിലായിരുന്നു. രാത്രി മുഴുവൻ ബൈക്ക് ഓടിച്ചതിന്റെ ക്ഷീണവും അപകടത്തിനുകാരണമായേക്കാമെന്നാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
അപകട സമയം ഇതുവഴി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ മറ്റൊരു അപകടം ഒഴിവായി. കിരണ്‍കൃഷ്‌ണയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്. സഹോദരന്‍: സരുണ്‍. ശങ്കറിന്റെ മൃതദേഹം ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബായില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളും ബഹ്‌റിനിലുള്ള സഹോദരന്‍ ഗണേശും എത്തിയതിന് ശേഷം സംസ്‌കാരം നടത്തും. കഴിഞ്ഞ 21 ന് ഗണേശിന്റെ വിവാഹ നിശ്‌ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് കോളജിലേക്ക് മടങ്ങിയത്. ചടങ്ങിന് ശേഷം മാതാപിതാക്കളും ദുബായിലേക്ക് മടങ്ങി.
Leave a Reply