ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആശുപത്രികളിൽ സ്റ്റാഫ് കുറവ് അതിരൂക്ഷമായതോടെ, രോഗാവസ്ഥയിലായിട്ടും ജോലി ചെയ്യേണ്ടിവരുന്ന നേഴ്‌സുമാരുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് നടത്തിയ പഠനത്തിൽ പങ്കെടുത്ത 20,000-ത്തിലധികം നഴ്‌സുമാരിൽ 66% പേർക്ക് അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണ്ടെത്തി. 2017-ലെ 49% എന്ന നിലയിൽ നിന്ന് ഇത് വളരെ കൂടുതലാണ് . സമ്മർദം, തിരക്ക്, കൂടുതൽ രോഗികൾ എന്നിവ കാരണം സ്വന്തം ആരോഗ്യനില അവഗണിക്കേണ്ടി വരുന്നതായി മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങൾ സഹിച്ചാണ് പലരും ജോലി തുടരുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 65% പേർക്ക് സമ്മർദ്ദമാണ് പ്രധാന രോഗകാരണമെന്ന് വ്യക്തമാക്കി. പ്രതിവാരമായി കുറഞ്ഞത് ഒരിക്കൽ എങ്കിലും കരാറിൽ നിശ്ചയിച്ച ജോലിസമയം കവിഞ്ഞ് ജോലി ചെയ്യേണ്ടി വരുന്നവരാണ് മിക്കവരും . അവരിൽ പകുതിയോളം പേർക്ക് അതിന് പ്രതിഫലവും ലഭിക്കുന്നില്ല. രോഗികളുടെ എണ്ണക്കൂടുതലും സ്റ്റാഫ് കുറവും ആണ് രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്നതിന്റെ പ്രധാന കാരണം .ഇവിടെയും മലയാളി നേഴ്‌സുമാരുടെ സ്ഥിതി വ്യത്യസ്തമല്ല.

സ്വന്തം ആരോഗ്യസ്ഥിതി മോശമെങ്കിലും സഹപ്രവർത്തകർക്ക് അധികഭാരം വരാതിരിക്കാൻ ഡ്യൂട്ടി ഒഴിവാക്കാതെ വരുന്നവരും ഉണ്ട്. എൻഎച്ച്എസും ആരോഗ്യ വകുപ്പ് അധികൃതരും നേഴ്‌സുമാരുടെ ക്ഷേമം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തണമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി നിക്കോള റേഞ്ചർ പറഞ്ഞു. എന്നാൽ അതു യാഥാർത്ഥ്യമാകാൻ കൂടുതൽ നേഴ്‌സുമാരെ കൂടി നിയമിക്കേണ്ടതുണ്ടെന്നാണ് സംഘടനയുടെ നിലപാട്.











Leave a Reply