മലപ്പുറം: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌നയെയാണ് (27) പൊലീസ് പിടികൂടിയത്. താനൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുനിന്ന് തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയിലും സംഘവും ആണ് ഇവരെ പിടികൂടിയത്. ഏപ്രില്‍ 26ന് രാവിലെ 6.45നാണ് സംഭവം.
മദ്രസയിലേക്ക് പോയ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന ശേഷം ബസില്‍ കുട്ടിയേയും കൊണ്ടുപോയി കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. ചെമ്മാട് കൊടിഞ്ഞി സ്വദേശിനിയായ കുട്ടിയുടെ മുക്കാല്‍ പവന്റെ വളയാണ് കവര്‍ന്നത്. കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോകുന്ന സജ്‌നയുടെ ദൃശ്യങ്ങള്‍ ഒരു കെട്ടിടത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട കുട്ടിയെ പര്‍ദയിട്ട സ്ത്രീ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വള മുറിച്ചെടുത്ത് കുട്ടിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു. ഇതിനിടെ കുട്ടി മദ്രസ വിട്ട് വരുന്നത് കാണാതിരുന്ന മാതാപിതാക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ ഒറ്റയ്ക്ക് റോഡില്‍ നിന്ന് കരയുകയായിരുന്ന കുട്ടിയോട് നാട്ടുകാരിലൊരാള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം പറഞ്ഞത്. പിതാവിന്റെ മൊബൈല്‍ നമ്പര്‍ കുട്ടി നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിച്ച് കുട്ടിയെ മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിച്ചു. ചെമ്മാടും പരിസരങ്ങളിലും മറ്റുമായി സ്ഥാപിച്ച സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിച്ച് പര്‍ദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കില്‍ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
Leave a Reply