ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് ജൂലൈ മുതൽ വർഷത്തിൽ ഏകദേശം £332 വരെ വർധിക്കാമെന്ന മുന്നറിയിപ്പുമായി കോർൺവാൾ ഇൻസൈറ്റ് രംഗത്തെത്തി. നിലവിൽ £1,641 ആയ സാധാരണ വാർഷിക ബിൽ £1,973 ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അമേരിക്ക – ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണ – വാതക വില ഉയർന്നതാണ് ഈ വർധനവിന് പ്രധാന കാരണം. എന്നാൽ അടുത്ത മാസങ്ങളിൽ സ്ഥിതിഗതികൾ അനുസരിച്ച് ഈ കണക്ക് മാറാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗൃഹോപയോഗ എനർജി നിരക്കുകൾക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്‌ജെം മേയ് 27ന് പുതിയ ‘പ്രൈസ് ക്യാപ്’ പ്രഖ്യാപിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഹോൾസെയിൽ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഗ്യാസ്, വൈദ്യുതി യൂണിറ്റുകൾക്ക് പരമാവധി നിരക്ക് നിശ്ചയിക്കുന്ന ഈ സംവിധാനം മൂന്ന് മാസത്തിലൊരിക്കൽ പുതുക്കുന്നതാണ്. എന്നാൽ ഇത് യഥാർത്ഥ ബിൽ ഉപഭോഗത്തിനനുസരിച്ചായിരിക്കും. മാർച്ചിലെ ആദ്യ മൂന്ന് ആഴ്ചകളിൽ തന്നെ ഹോൾസെയിൽ വില ഉയർന്നതിനാൽ ജൂലൈ–സെപ്റ്റംബർ കാലയളവിൽ ബിൽ വർധന ഉറപ്പാണെന്നാണ് വിലയിരുത്തൽ.

അതേസമയം എനർജി നിരക്കുകളുടെ വെളിച്ചത്തിൽ സഹായം നൽകാനുള്ള സമ്മർദ്ദം സർക്കാരിന് മേൽ ശക്തമാകുകയാണ്. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് സഹായം നൽകുന്ന പദ്ധതികളാണ് പരിഗണിക്കുന്നതെന്ന് ധനമന്ത്രി റേച്ചൽ റീവ്സ് വ്യക്തമാക്കി. എല്ലാവർക്കും ഒരുപോലെ സഹായം നൽകുന്നതോ, അല്ലെങ്കിൽ ദുർബല വിഭാഗങ്ങൾക്കായി മാത്രം ലക്ഷ്യമിട്ട സഹായമോ എന്ന വിഷയത്തിൽ ചര്‍ച്ച തുടരുകയാണ് . 2022- ൽ റഷ്യ-ഉക്രൈൻ യുദ്ധത്തിന് പിന്നാലെ സർക്കാർ £35 ബില്യൺ ചെലവിൽ പൊതുസഹായ പാക്കേജ് നൽകിയിരുന്നു. കഴിഞ്ഞ ബജറ്റിൽ £150 വരെ ബിൽ കുറയ്ക്കുന്ന നടപടികളും എടുത്തിരുന്നു. ഇത്തരം നടപടികൾ ഇല്ലായിരുന്നെങ്കിൽ പൊതുവെ നിലവിലെ പ്രവചനം £2,000 കടന്നേനെയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.