ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടികൾ യുകെയിലെ ഹൗസിംഗ് വിപണിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പുതിയതായി എടുത്ത ഒരു സാധാരണ മോർട്ട്ഗേജിന്റെ വാർഷിക ചെലവ് വെറും രണ്ട് ആഴ്ചയ്ക്കിടെ തന്നെ ഏകദേശം £788 വരെ വർധിച്ചതായി മണിഫാക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 25 വർഷ കാലാവധിയുള്ള £250,000 മോർട്ട്ഗേജിന് ശരാശരി രണ്ട് വർഷ ഫിക്സഡ് പലിശനിരക്ക് 4.83 ശതമാനത്തിൽ നിന്ന് 5.28 ശതമാനമായി ഉയർന്നതും ഈ വർധനവിന് കാരണമായി.

അതേസമയം അഞ്ച് വർഷ ഫിക്സഡ് മോർട്ട്ഗേജ് നിരക്കും 4.95 ശതമാനത്തിൽ നിന്ന് 5.32 ശതമാനമായി ഉയർന്നു. ഇതോടെ ഇത്തരത്തിലുള്ള വായ്പകൾക്ക് രണ്ടാഴ്ചയ്ക്കിടെ തന്നെ ഏകദേശം £651 അധിക ചെലവ് വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാന ബാങ്കുകൾ മികച്ച ഓഫറുകൾ പിൻവലിച്ചതോടെ വിപണിയിൽ ലഭ്യമായ മോർട്ട്ഗേജ് ഉൽപ്പന്നങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യമായി വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കാണ് ഇതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഉയർന്ന എണ്ണവിലയും മൂലം പണപ്പെരുപ്പം കൂടാനുള്ള സാധ്യത ഉയർന്നതോടെ പലിശനിരക്കുകൾ കുറയും എന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ് . ഇതോടെ വായ്പയെടുക്കുന്നവർക്ക് കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാകുകയും ഭവനവിപണിയിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി .











Leave a Reply