സുബി സുരേഷിന്റെ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് സഹപ്രവർത്തകരും ബന്ധുക്കളും ആരാധകരുമെല്ലാം. ഇത്രപെട്ടന്നൊരു വേർപാട് സുബിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം
അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. ഇതിനിടയിൽ നാല്പത്തൊന്നാം വയസിൽ സുബി വിവാഹിതയാകുന്നുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു വിവാഹ വാർത്ത സുബി സുരേഷ് പുറത്ത് വിട്ടത് .കലാഭവന്റെ ഷോ ഡയറക്ടറായ രാഹുൽ ആണ് തന്നെ വിവാഹം കഴിക്കാൻ പുറകെ നടക്കുന്നത് എന്നായിരുന്നു താരം പ്രതികരിച്ചത്. നേരത്തെ പരിചയമുണ്ടായിരുന്നു. കാനഡയില്‍ പോയപ്പോള്‍ എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നു പോയി.
വീട്ടിലൊക്കെ വന്നു സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൈ കൊടുത്തിട്ടില്ലെന്നും താരം പറയുന്നു. അത് കേട്ട് നന്നായി എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ക്കൊരു കഷ്ടകാലം വരുമ്പോള്‍ സന്തോഷിക്കുകയാണോ? എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്തിനാണ് വെറുതെ ജയന്തി ജനതയ്ക്ക് തലവെക്കുന്നതെന്ന് പിന്നീട് സുബി തമാശയായി പറയുന്നത്. അതേസമയം വരുന്നത് പോലെ വരട്ടെ. നോ എന്ന് പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ഫെബ്രുവരിയില്‍ നോക്കാം. ഫെബ്രുവരി 14 ന് പൂനെയില്‍ ഒരു പ്രോഗ്രാമുണ്ട്. അതാണ് ഡേറ്റ് പറഞ്ഞത്. ചുമ്മാ ജീവിതത്തിലൊരു രസമൊക്കെ വേണ്ടേ എന്നും രാഹുല്‍ പറയുന്നു. നല്ല വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അവതാരകൻ പറഞ്ഞു. ഈ സന്തോഷ നാളുകൾക്കിടെയാണ് സുബിയുടെ വിയോഗ വാർത്തയും പുറത്ത് വന്നത്.
മുമ്പ് ജഗദീഷ് അവതരിപ്പിച്ചിരുന്ന പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം നടി വെളിപ്പെടുത്തിയിരുന്നു. ഈ വയസ്സിനിടയില്‍ ഒരു പ്രണയവും തോന്നിയില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് നല്ല രീതിയില്‍ പോകില്ല എന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനം ആണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ ഒരു കാരണം ഒരുപക്ഷെ ഈ മൂശേട്ട സ്വഭാവം ആയിരിയ്ക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാരേജിനോട് എനിക്ക് താത്പര്യമില്ല.
പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്. ആ സമയത്ത് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഞാന്‍ മാത്രമായിരുന്നു. അച്ഛന് സുഖമില്ല. അനിയന്‍ ചെറുപ്പമാണ്. എന്റെ വരുമാനം എല്ലാം കുടുംബത്തിന് വേണ്ടിയാണ് പോകുന്നത്. ആ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു, ‘അമ്മ ചെറുപ്പം അല്ലേ, ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിയ്ക്ക് പോയിക്കൂടെ എന്ന്’ അതിലൊരു സ്വാര്‍ത്ഥത എനിക്ക് തോന്നി. ആ ബന്ധം തുടരുന്നത് നല്ലതല്ല എന്ന ബോധവും അപ്പോള്‍ മുതലാണ് വന്നത്. വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ആ പ്രണയ ബന്ധത്തിന് ശേഷം പിന്നെ ഒന്ന് ഉണ്ടായിട്ടില്ല. അവസാനം അച്ഛനും അമ്മയും പറഞ്ഞു, എന്റെ വിവാഹമാണ് അവരുടെ ഏറ്റവും വലിയ സ്വപ്‌നം എന്ന്. ആര് ആയാലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് കണ്ടാല്‍ മതി എന്നാണ് പറഞ്ഞത്. പ്രണയിക്കാനുള്ള ലൈസന്‍സ് കിട്ടിയ ശേഷം എനിക്ക് ആ വികാരം ആരോടും തോന്നിയിട്ടുമില്ല എന്നായിരുന്നു സുബി പറഞ്ഞത്. എന്നാൽ ആ പ്രണയം രാഹുലിനോട് തോന്നിയപ്പോഴേക്കും സുബിയെ മരണം കവർന്നെടുത്തത് ആരെയും നൊമ്പരപ്പെടുത്തും.
Leave a Reply