മഹാരാഷ്ട്രയിലെ അമരാവതിയിൽ കടയുടമ കൊലചെയ്യപ്പെട്ടത് നുപൂർ ശർമ്മയെ പിന്തുണച്ചതിനാണെന്ന് സംശയം. ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാൽ കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്, ജൂൺ 21 ന് ആണ് അമരാവതി ജില്ലയിൽ 54 കാരനായ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെട്ടത്.

ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് പ്രതികാരമായാണ് കോൽഹെയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം ഇപ്പോൾ കരുതുന്നത്.

ഉദയ്പൂരിലെ കനയ്യലാൽ എന്ന തയ്യൽക്കാരന്റെ കൊലപാതകം പാകിസ്ഥാനിലുള്ള ‘സൽമാൻ ഭായ്’ എന്ന വ്യക്തി ‘സൂക്ഷ്മമായി ആസൂത്രണം ചെയ്തതും’ ‘പ്രേരണ നൽകി’ ചെയ്യിച്ചതുമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ‘സമാധാനപരമായ പ്രതിഷേധം ഒരു ഫലവും നൽകില്ല’ ആയതിനാൽ പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടിയായി ‘ഗംഭീരമായ എന്തെങ്കിലും ചെയ്യണം’ എന്ന നിർദേശമാണ് പ്രതികൾക്ക് നൽകിയത് എന്നാണ്, മനസിലാക്കുന്നത്.

കേസിൽ പ്രതികളായ ഗൗസും മുഹമ്മദ് റിയാസ് അതരിയും കഴിഞ്ഞ മാസം അവസാനം പ്രവാചകനെതിരെ പരാമർശം നടത്തിയ നുപൂർ ശർമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പാകിസ്ഥാൻ ആസ്ഥാനമായുള്ള ദഅവത്ത്-ഇ-ഇസ്‌ലാമിയുടെ ക്ഷണപ്രകാരം 45 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ 2014 ഡിസംബറിൽ ഗൗസ് പാകിസ്ഥാനിലേക്ക് പോയിരുന്നു. 2015 ജനുവരിയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം ഏതാനും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർന്നുവെന്നും ‘സൽമാൻ ഭായി’ ആയും പാകിസ്ഥാനിൽ അബു ഇബ്രാഹിം എന്നറിയുന്ന മറ്റൊരു വ്യക്തിയുമായും ഇയാൾ ബന്ധപ്പെട്ടിരുന്നതായും അവർ പറഞ്ഞു.

എൻഐഎയുടെ പ്രാഥമിക അന്വേഷണമനുസരിച്ച്, “ജൂൺ 10നും 15നും ഇടയിലുള്ള തീയതികളിൽ” ഗൗസും അതാരിയും ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയിരുന്നു. കനയ്യലാലിന്റെ ‘സുപ്രീം ടെയ്‌ലേഴ്‌സ്’ എന്ന കട സ്ഥിതി ചെയ്യുന്ന ധൻമാണ്ടി പ്രദേശത്തു നിന്നുള്ള ‘ബബ്ലാ ഭായ്’ എന്ന ഒരാൾ 10-11 പേരെ ലക്ഷ്യം വച്ചിരുന്നുവെന്നും അവരെ ആക്രമിക്കാൻ വിവിധ ഗ്രൂപ്പുകളെ നിയോഗിച്ചതായും അവർ ഏജൻസിയോട് പറഞ്ഞതായി അറിയുന്നു. “ബബ്ലാ ഭായിയുടെ പങ്കും മറ്റ് വിശദാംശങ്ങളും അന്വേഷിച്ചുവരികയാണ്,” വൃത്തങ്ങൾ പറഞ്ഞു.

ആക്രമണത്തിന് മുമ്പുള്ള രണ്ട്-മൂന്ന് ആഴ്‌ചകളിൽ, ചില പ്രാദേശിക മുസ്ലിം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കുറച്ച് വ്യക്തികളുടെ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ചതായി ഗൗസിന്റെയും റിയാസിന്റെയും പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. കനയ്യലാലിന്റെ ഫോട്ടോയും വിശദാംശങ്ങളും ഈ ഗ്രൂപ്പുകളിലൊന്നിൽ ഷെയർ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കനയ്യലാലിന്റെ കട ഗൗസിന്റെയും അതാരിയുടെയും ജോലി സ്ഥലത്തിന് അടുത്തായതിനാലാണ് അവർ അയാളെ ലക്ഷ്യംവച്ചത്, അവർക്ക് കുറച്ച് പ്രാദേശിക യുവാക്കളുടെയും സഹായം ലഭിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ, വസീം, മൊഹ്‌സിൻ ഖാൻ എന്നി രണ്ട് പേർ ജൂൺ 28 ന് ആക്രമണം നടത്തുന്നതിന് മുമ്പ് തയ്യൽക്കടയുടെ അവിടെ പരിശോധന നടത്തിയിരുന്നു, ഇത് പ്രതികളുടെ വിശദമായ ആസൂത്രണത്തെ സൂചിപ്പിക്കുന്നതാണെന്ന് വൃത്തങ്ങൾ പറഞ്ഞു. മൊഹ്‌സിനും ആസിഫ് ഹുസൈൻ എന്ന മറ്റൊരാളും വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.

സംഭവദിവസം ഗൗസും അതാരിയും വെവ്വേറെ വാഹനങ്ങളിൽ കനയ്യലാലിന്റെ കട സ്ഥിതി ചെയ്യുന്ന മാൽദഹ മാർക്കറ്റിൽ വന്ന് മൊഹ്‌സിന്റെ കടയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്‌തതായി ബന്ധപ്പെട്ടവർ പറഞ്ഞു. അവർ മടങ്ങി എത്തിയില്ലെങ്കിൽ, അതിന്റെ അർത്ഥം “പണി കഴിഞ്ഞു” എന്നാണെന്നും തങ്ങളുടെ ഇരുചക്ര വാഹനം വീട്ടിലേക്ക് തിരികെ നൽകണമെന്നും പറഞ്ഞ് തന്റെ സ്‌കൂട്ടറിന്റെ താക്കോൽ സൂക്ഷിക്കാൻ ഗൗസ് മൊഹ്‌സിനോട് പറഞ്ഞതായാണ് വിവരം.

കൊലപാതകത്തിന് ശേഷം, ഗൗസും അതാരിയും ‘ഷൊഹൈബ് ഭായ്’ എന്നറിയപ്പെടുന്ന ഒരാളുടെ ഓഫീസിലേക്ക് പോയി, അവിടെ അവർ അതേ വസ്ത്രം ധരിച്ച് മറ്റൊരു വീഡിയോ റെക്കോർഡുചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി മുഴക്കുന്ന ഈ വീഡിയോ, അതാരി അംഗമായ നിരവധി പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അപ്‌ലോഡ് ചെയ്തതായും വൃത്തങ്ങൾ പറഞ്ഞു.

തുടർന്ന് ഗൗസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതായി അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പ്രതികളും പിന്നീട് വസ്ത്രം മാറാൻ മറ്റൊരാളുടെ വർക്ക് ഷോപ്പിലേക്ക് പോയി. അവർ അവിടെ നിന്ന് അജ്മീർ ഷെരീഫിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ അതിന് കാർ ലഭിക്കാതെ വന്നതിനാൽ ബൈക്കിൽ പോയി. എന്നാൽ, രാജ്‌സമന്ദ് ജില്ലയിലെ ഭീം എന്ന സ്ഥലത്ത് വച്ച് ഇവരെ പൊലീസ് പിടികൂടി.

ചൊവ്വാഴ്ച 40 കാരനായ കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഉദയ്പൂരിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്, രാജസ്ഥാനിലുടനീളം ഒരു മാസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തുകയും സംസ്ഥാനത്തേക്ക് ഒരു എൻഐഎ ടീമിനെ അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

രണ്ട് പ്രധാന പ്രതികളെയും ബുധനാഴ്ച അറസ്റ്റ് ചെയ്തപ്പോൾ, ഇതിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന മറ്റ് നാല് പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്നാഴ്ച മുമ്പ്, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കനയ്യലാലിനെ അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ വധഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യലാൽ പൊലീസ് സംരക്ഷണം തേടിയിരുന്നു. എന്നാൽ, ഇരു സമുദായത്തിൽ നിന്നുമുള്ള 5-7 ഉയർന്ന വ്യക്തികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അദ്ദേഹം അഭ്യർത്ഥന പിനാവലിച്ചതായി പൊലീസ് പറഞ്ഞു.