ആ അമ്മയുടെ നെഞ്ചിനകത്ത് കത്തുന്ന തീയണയ്ക്കാൻ പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ആ ശിക്ഷ ദൈവം വിധിച്ചു. മരിച്ച് ചെല്ലുമ്പോൾ എന്റെ മോനോട് പറയണം, നിന്നെ കൊന്നവരെ ഞാൻ അകത്താക്കിയെന്ന ഉള്ളുപിടയുന്ന വാക്കുകൾ സത്യമായി. പെറ്റുവളർത്തിയ മകനെ മനുഷ്യന്റെ ചിന്തകൾക്ക് അപ്പുറമുള്ള വേദന നൽകി ഇഞ്ചിഞ്ചായി കൊന്ന നരാധമന്മാർക്ക് വധശിക്ഷ വിധിച്ച് ദൈവത്തിന്റെ കോടതി ആ അമ്മയെ ഒടുവിൽ താങ്ങി.

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ തടിബെഞ്ചില്‍ ഉദയകുമാറിനെ ഇരുമ്പ് ദണ്ഡിന് ഉരുട്ടിക്കൊന്നതിലെ സത്യം പതിമൂന്ന് വർഷങ്ങൾക്കിപ്പുറം തെളിഞ്ഞു. അതിന് സിബിഐ എത്തേണ്ടി വന്നു. നടന്നതെല്ലാം അസ്വാഭാവികമാണ്. ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയാലും എങ്ങനേയും രക്ഷപ്പെടാന്‍ കഴിയുമെന്ന പൊലീസുകാരുടെ ആത്മവിശ്വാസത്തെയാണ് പ്രഭാവതിയമ്മ തകര്‍ത്തെറിഞ്ഞത്.

മകന്റെ ജീവനെടുത്തവര്‍ക്കെതിരെ ഒറ്റയാള്‍ പട്ടാളത്തെ പോലും പോരാട്ടം നടത്തി. ഒടുവില്‍ നിയമം അറിയാവുന്ന നിയമ പാലകരായിരുന്നവര്‍ക്ക് ശിക്ഷ എത്തുന്നു. ദൃക്‌സാക്ഷിയായ സുരേഷും പൊലീസുകാരും ഒരുഘട്ടത്തില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. എന്നാല്‍, ദൈവം അവശേഷിപ്പിച്ചപോലെ ചില തെളിവുകള്‍ കോടതിയില്‍ ഉയിര്‍ത്തെഴുന്നേറ്റു. അമ്മയുടെ മനസ്സ് പോലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു.

2005 സെപ്റ്റംബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ ഇരുന്ന ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ഫോര്‍ട്ട് സിഐ ആയിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് അംഗങ്ങളായ ജിതകുമാറും ശ്രീകുമാറും ചേര്‍ന്നാണ് ഇവരെ ഫോര്‍ട്ട്  സ്റ്റേഷനിൽ എത്തിച്ചത്.

ഉദയകുമാറിന്റെ പക്കല്‍ ഉണ്ടായിരുന്ന 4020 രൂപയുടെ ഉറവിടത്തെ ചൊല്ലിയുള്ള ക്രൂരമായ മര്‍ദ്ദനത്തിലും ചോദ്യം ചെയ്യലിലുമാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. ഈ തുക പൊലീസുകാര്‍ തട്ടിയെടുത്തു. ഇത് വേണമെന്ന് പറഞ്ഞതും കൊലയിലേക്ക് കാര്യങ്ങളെത്തിച്ചു. അമ്മയ്ക്ക് ഓണക്കോടി വാങ്ങാന്‍ സൂക്ഷിച്ചതായിരുന്നു ഈ തുക. അതാണ് ഉദയകുമാറിനെ വൈകാരികമായ ഇടപെടലിന് പ്രേരിപ്പിച്ചത്. ഇത് പൊലീസുകാരുടെ ക്രൂരതയിലേക്ക് കാര്യങ്ങളെത്തിച്ചു.

ഉദയകുമാര്‍ കസ്റ്റഡിയില്‍ മരിച്ചു എന്ന് ബോദ്ധ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉദയകുമാറിനെ രാത്രി മോഷണക്കേസില്‍ പിടികൂടി എന്ന് സ്ഥാപിക്കാന്‍ കള്ള എഫ്.ഐ.ആര്‍ ഉണ്ടാക്കി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പ്രതികളില്‍ മാത്രം കേസ് ഒതുങ്ങിപ്പോയിരുന്നു. മൂന്നാം പ്രതിയായിരുന്ന കോണ്‍സ്റ്റബിള്‍ സോമന്‍ വിചാരണക്കിടെ മരണപ്പെട്ടു. അതുകൊണ്ട് മാത്രം കോടതിയുടെ ശിക്ഷയില്‍ നിന്ന് സോമന്‍ രക്ഷപ്പെട്ടു.

ഒന്നാം പ്രതിയും രണ്ടാം പ്രതിയുമായ കെ. ജിത കുമാറിനും എസ്.വി ശ്രീകുമാറിനുമാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് 2 ലക്ഷം രൂപ പിഴയും ഈടാക്കും. ഡിവൈഎസ്പി അജിത് കുമാർ, ഇ. കെ. സാബു എന്നിവർക്ക് ആറു വർഷം തടവും കോടതി വിധിച്ചു. 13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് വിധി വന്നത്.

സിബിഐ പ്രതിയാക്കിയിരുന്ന ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടർന്ന് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയിൽ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. 2005 സെപ്തംബർ 27ന് രാത്രിയിലാണ് ഉദയകുമാർ കൊല്ലപ്പെട്ടത്.

‘തന്റെ ഗുണ്ടകൾ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്’. സ്‌കൂളിൽ സഹപാഠിയായിരുന്ന മേലുദ്യോഗസ്‌ഥനോടു ഫോർട്ട് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ വിജയകുമാർ ഫോണിൽ പറഞ്ഞ ഈ വാചകമാണ് ഉരുട്ടിക്കൊലക്കേസിൽ സിബിഐക്കു നിർണായക തെളിവായത്. ഇതു മുഖ്യതെളിവിൽ ഒന്നായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഉരുട്ടിക്കൊല തെളിഞ്ഞതിന്റെ നാൾവഴി……

2005 സെപ്റ്റംബർ 27 (തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം): മോഷണക്കേസിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാറിനെ (28) കസ്റ്റഡിയിലെടുത്തു. രാത്രി പത്തരയോടെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ മരിച്ചു.

സെപ്റ്റംബർ 29: നർക്കോടിക്‌സ് എസി വക്കം പ്രഭ അന്വേഷണം തുടങ്ങി. ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ജിതകുമാർ, എആർ ക്യാംപിലെ ശ്രീകുമാർ എന്നീ പൊലീസുകാർക്കു സസ്‌പെൻഷൻ.

സെപ്റ്റംബർ 30: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. തുടയുടെ ഭാഗത്ത് 22 ക്ഷതങ്ങൾ. സ്‌റ്റേഷൻ പരിസരത്തുനിന്ന് ഇരുമ്പുകമ്പി കണ്ടെത്തി. ‌‌

ഒക്‌ടോബർ 1: ഫോർട്ട് സിഐ: ഇ.കെ. സാബുവിനു സസ്‌പെൻഷൻ.

ഒക്ടോബർ 3: പൊലീസുകാരായ ശ്രീകുമാർ, ജിതകുമാർ എന്നിവർ കീഴടങ്ങി.

ഒക്‌ടോബർ 4: ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്കു സ്വന്തമായി വീടും സ്‌ഥലവും നൽകുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികളെ ഹാജരാക്കിയപ്പോൾ ചിത്രം മാധ്യമപ്രവർത്തകർ പകർത്താതിരിക്കാൻ കോടതിമുറ്റത്തു പൊലീസിന്റെ ഡമ്മി നാടകം.

ഒക്‌ടോബർ 5: മൂന്നാം പ്രതി ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ സോമനെ അറസ്‌റ്റ് ചെയ്‌തു. അന്വേഷണം ക്രൈംബ്രാഞ്ചിന്.

ഒക്ടോബർ 10: കോടതിവളപ്പിൽ ഡമ്മി നാടകം നടത്തിയ പേട്ട സിഐ ഉൾപ്പെടെ മൂന്നു പേർക്കു സസ്പെൻഷൻ.

നവംബർ 11: ഉദയകുമാറിനെ മൂന്നു പൊലീസുകാർ ചേർന്ന് ഇരുമ്പു പൈപ്പ് തുടയ്‌ക്കു മീതെ ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് സ്‌ഥിരീകരിച്ചു. പേശിക്കും ഞരമ്പുകൾക്കുമേറ്റ ക്ഷതം മരണകാരണമെന്നു നിഗമനം.

2006 ഫെബ്രുവരി 12: പ്രതികളായ മൂന്നു പൊലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ഒരു സിഐയും രണ്ട് എസ്ഐമാരും ഉൾപ്പെടെ ഒൻപതു പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്കു ശുപാർശ.

2007 ജൂലൈ 2: കേസിലെ പ്രധാന സാക്ഷി സുരേഷ് കുമാർ അറസ്റ്റിൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ 4: സാക്ഷികളായ ഹെഡ് കോൺസ്‌റ്റബിൾ ഡി. വിജയകുമാർ, കോൺസ്‌റ്റബിൾ അനിൽകുമാർ എന്നിവർ കൂറുമാറി.

സെപ്റ്റംബർ 23: ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർക്കു ജാമ്യം.

സെപ്റ്റംബർ 13: അന്വേഷണം സിബിഐക്കു വിടേണ്ടതാണെന്നു ഹൈക്കോടതി.

2008 ഓഗസ്റ്റ് 26: സിബിഐ അന്വേഷണം ഏറ്റെടുത്തു.

ഒക്ടോബർ 20: ഹെഡ് കോൺസ്‌റ്റബിൾ ഡി. വിജയകുമാർ, കോൺസ്‌റ്റബിൾ അനിൽ കുമാർ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.

2009 മേയ്18: എഫ്ഐആർ തിരുത്തിയതിനും വ്യാജരേഖ ചമച്ചതിനും എസ്ഐ: രവീന്ദ്രൻ നായർ, ഹെഡ്‌കോൺസ്‌റ്റബിൾ ഹീരാലാൽ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.

2010 സെപ്റ്റംബർ 27: മൂന്നു പൊലീസുകാർക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐയുടെ കുറ്റപത്രം.

ഡിസംബർ 14: ഹെഡ്‌കോൺസ്‌റ്റബിൾ വി.പി.മോഹനൻ, സിഐ: ടി.അജിത്‌കുമാർ, അസി. കമ്മിഷണർ ഇ.കെ. സാബു എന്നിവരെക്കൂടി കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യാൻ സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി.

2012 ജൂൺ 29: അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിൽ പുനർവിചാരണ ആവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

നവംബർ 17: ഉദയകുമാറിന്റെ മാതാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നും കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

2013 ഏപ്രിൽ എട്ട്: പ്രതികളായ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു.

2014 മേയ് 12: എസ്‌പി: ടി.കെ. ഹരിദാസിനെ ഏഴാം പ്രതിയാക്കി സിബിഐയുടെ ഒറ്റ കുറ്റപത്രം. കൊലപാതകത്തിനും ഗൂഢാലോചനയ്‌ക്കും സമർപ്പിച്ച പ്രത്യേക കുറ്റപത്രങ്ങൾ ഒന്നാക്കിയാണു സമർപ്പിച്ചത്.

ജൂൺ 27: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

2015 ജനുവരി 9: പ്രതി ടി.കെ. ഹരിദാസിനെ കൊലക്കേസിൽ വിചാരണ ചെയ്യേണ്ടതില്ലെന്നു ഹൈക്കോടതി നിർദേശിച്ചു.

ഒക്ടോബർ 20: വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയിൽ.

2016 മാർച്ച് 31: അമ്മയ്ക്കു സർക്കാർ 10 ലക്ഷം രൂപ നൽകണമെന്നു ഹൈക്കോടതി.

2018 മാർച്ച് 10: മൂന്നാം പ്രതി സോമന്റെ (56) മരണം.

2018 ജൂലൈ 20: വാദം പൂർത്തിയായി.

2018 ജൂലൈ 24: പൊലീസുകാർ കുറ്റക്കാരാണെന്ന് കോടതിയുടെ കണ്ടെത്തൽ.

‌2018 ജൂലൈ 25: പ്രതികളായ പൊലീസുകാർക്കെതിരെ ശിക്ഷ വിധിച്ചു.