ഉദയംപേരൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കുടുക്കിയത് മുന്‍കൂര്‍ ജാമ്യം. മുൻകൂർ ജാമ്യം തേടിയതോടെയാണ് പൊലീസ് അന്വേഷണം ഭർത്താവ് പ്രേംകുമാറിലേയ്ക്ക് നീണ്ടത്.

വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രേംകുമാര്‍ നേരെയെത്തിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പരാതി നല്‍കി. മുമ്പും പലതവണ വിദ്യയെ കാണാതായിട്ടുണ്ടായിരുന്നു. ആ സാഹചര്യം മുതലെടുക്കാനായിരുന്നു പ്രേംകുമാറിന്‍റെ ശ്രമം. എന്നാല്‍, അന്വേഷണം ശക്തമായതോടെ മുന്‍കരുതലെന്ന നിലയില്‍ പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇതാണ് പൊലീസില്‍ സംശയത്തിനിടയാക്കിയതും അന്വേഷണം പ്രേംകുമാറിലേക്ക് നീളാന്‍ കാരണമായതും.

ആയുര്‍വേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരില്‍ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോര്‍ട്ടില്‍ മുകളിലത്തെ നിലയിലെ മുറിയില്‍ പ്രേംകുമാറിന്‍റെ കാമുകി സുനിതയുമുണ്ടായിരുന്നു. അവിടെവച്ചാണ് പ്രേംകുമാര്‍ അമിതമായി മദ്യം നല്‍കിയശേഷം വിദ്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്.തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു.

തിരുനെല്‍വേലിയില്‍ നിന്ന് തിരികെയെത്തിയ പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന് പ്രേംകുമാര്‍ കണക്കുകൂട്ടി. വിദ്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൃത്യം നിര്‍വ്വഹിച്ചത് താന്‍ തനിച്ചാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകത്തിനു ശേഷം ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്സ്ര്പസ്സിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിച്ചു. ഫോണ്‍ സിഗ്നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം.

എന്നാല്‍, പൊലീസ് അന്വേഷണം പ്രേംകുമാറിലേക്ക് തന്നെ എത്തി. തുടര്‍ന്ന്,പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രേംകുമാര്‍ നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിസംബര്‍ ആറിന് വാട്സ്ആപ് സന്ദേശം പൊലീസുകാര്‍ക്ക് അയച്ചുനല്‍കിയായിരുന്നു കുറ്റസമ്മതം. എനിക്കവളെ കൊല്ലേണ്ടി വന്നു എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. ഇതിനു ശേഷമാണ് ഇന്ന് തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രേംകുമാര്‍ പറഞ്ഞതനുസരിച്ച് പൊലീസ് തിരുനെല്‍വേലി പൊലീസുമായി ബന്ധപ്പെട്ടു. തിരുനെല്‍വേലി ഹൈവേയില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം സംസ്കരിച്ചിരുന്നു എന്ന വിവരമാണ് അവിടെനിന്ന് ലഭിച്ചത്. മൃതദേഹത്തിന്‍റെ ഫോട്ടോ അവര്‍ അയച്ചു നല്‍കി. അത് വിദ്യയുടേത് തന്നെയാണെന്ന് പ്രേംകുമാര്‍ ‘തിരിച്ചറിഞ്ഞു’.

എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സുനിതയുമായി ഒന്നിച്ചു ജീവിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമാണോ എന്ന സംശയമാണ് പ്രധാനമായും പൊലീസിനുള്ളത്. അതേസമയം തന്നെ കാരണം മറ്റെന്തെങ്കിലുമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.