അതിബുദ്ധിയും ആത്മവിശ്വാസവുമാണ് വിദ്യ വധക്കേസിൽ ഭർത്താവ് പ്രേംകുമാറിനെ കുടുക്കിയത്. തന്നോടു കലഹിച്ച് ഹൈദരാബാദിലേക്കു തിരികെ പോകാൻ ഒരുങ്ങിയ സുനിതയെ കുടുക്കാൻ ലക്ഷ്യമിട്ടാണ് പ്രേംകുമാർ പൊലീസിനു വാട്സാപ് സന്ദേശം അയച്ചതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സുനിതയെ കുടുക്കി തനിക്കു സുരക്ഷിതമായി ബഹ്റൈനിലേക്കു പോകാമെന്നായിരുന്നു പ്രേംകുമാർ കണക്കു കൂട്ടിയത്. അതിനായി കാറും ബൈക്കും എസി അടക്കമുള്ള വീട്ടുപകരണങ്ങളും വിറ്റു. എന്നാൽ ഓർഫനേജിലേക്കുള്ള മകന്റെ അഡ്മിഷൻ വൈകിയതിനാൽ ഇയാളുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.

കൊലപാതകം നടന്ന ശേഷം സഹായത്തിനായി വിളിച്ച സുഹൃത്തിനെക്കൂടി പൊലീസിനു പിടികൂടാനുണ്ട്. അതിനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച കാർ പ്രേംകുമാറിൽ നിന്നു വാങ്ങിയ ആളിൽനിന്നു കണ്ടെടുത്ത് ഉടനെ കോടതിക്കു കൈമാറും. വരും ദിവസങ്ങളിൽ, കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പടെ ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കയറും കണ്ടെടുക്കാനുണ്ട്. വിദ്യയുടെ പോസ്റ്റ്മോർട്ടം ഒരു പ്രാവശ്യം നടന്നിരുന്നതിനാൽ ഇനിയും ആവശ്യമുണ്ടോ എന്നു പരിശോധിക്കും. മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അതുകൊണ്ടുതന്നെ സാധാരണ നിലയിൽ വീണ്ടും വേണ്ടി വരാൻ സാധ്യതയില്ല.

വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി കളയാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി രണ്ട് സർജിക്കൽ ബ്ലേഡുകൾ പ്രേംകുമാർ വാങ്ങിയിരുന്നതായി െപാലീസ് അറിയിച്ചു. മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം കാറിൽ ഇരുത്തിയാണ് െകാണ്ടുപോയത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയ കൂട്ടുകാരനെയും കേസിൽ പ്രതിചേർത്തേക്കും.

സുനിതയുമായുള്ള ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെയാണു ഭാര്യയെ കൊലപ്പെടുത്താൻ പ്രേംകുമാറും സുനിതയും തീരുമാനിച്ചത്. വിദ്യയെ കാണാനില്ല എന്ന പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് പ്രേംകുമാറിന്റെ ഫോണിൽനിന്ന് പൊലീസ് ഉദ്യോഗസ്‌ഥന്റെ ഫോണിലേക്ക് വാട്സാപ് ഓഡിയോ എത്തുന്നത്. ഉടൻ തന്നെ പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചതിനാലും പ്രേംകുമാറിന്റെ മകന്റെ അഡ്മിഷൻ വൈകിയതിനാലുമാണ് കേസ് തെളിയിക്കാനും പ്രതിയെ പിടികൂടാനും പൊലീസിനു സാധിച്ചത്. ഡിസംബർ 6 നാണു വാട്സാപ് ഓഡിയോ എത്തുന്നത്. തുടർന്നു നടന്ന സംഭവങ്ങൾ….

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയപ്പോൾത്തന്നെ പ്രേംകുമാർ ആയിരിക്കാം പ്രതി എന്നുള്ള സംശയത്തിലേക്കു പൊലീസ് എത്തിയിരുന്നു. എന്നാൽ വാദിയായ പ്രേംകുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ തക്ക തെളിവുകൾ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ജോസിന്റെ ഫോണിലേക്ക് 6 ന് ഉച്ചയോടെ ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നുള്ള വാട്സാപ് ഓഡിയോ അയയ്ക്കുന്നത്. ഈ സമയം പ്രേംകുമാർ ബഹ്‌റൈനിൽ പോകാൻ ടിക്കറ്റ് അടക്കം തയാറാക്കി വച്ചിരുന്നു. തുടർന്ന് വൈകിട്ടു തിരുവനന്തപുരത്തുനിന്നു തന്നെ വിമാനം കയറാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മകന്റെ ഓർഫനേജിലേക്കുള്ള അഡ്മിഷൻ സാങ്കേതിക തടസം മൂലം വൈകിയതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏഴാംതീയതി വീണ്ടും ചെന്ന് അഡ്മിഷൻ എടുത്ത ശേഷം ബെംഗളൂരുവിൽനിന്ന് 10 നു ബഹ്റൈനിലേക്ക് പോകാനായിരുന്നു പ്രേംകുമാർ ലക്ഷ്യമിട്ടത്. എന്നാൽ അഡ്മിഷൻ എടുക്കാൻ നിൽക്കുമ്പോൾ പൊലീസ് എത്തിയതോടെ പദ്ധതികൾ പൊളിഞ്ഞു. പൊലീസ് ഉടൻ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ഉദയംപേരൂരിൽ കൊണ്ടുവന്നു പ്രാഥമിക ചോദ്യംചെയ്യൽ നടത്തി.

അന്വേഷിക്കുന്ന വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള പൊലീസ് സംഘം , പ്രേംകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 8 നു വൈകിട്ട് തിരുവനന്തപുരത്തേക്ക് കേസ് അന്വേഷണത്തിനായി തിരിച്ചു. വാടകയ്ക്ക് എടുത്ത കാറിൽ ആയിരുന്നു യാത്ര. സിഐ കെ. ബാലൻ മാത്രമാണ് പൊലീസ് യൂണിഫോമിൽ ഉണ്ടായിരുന്നത്.

9 നു രാവിലെ തിരുനൽവേലിയിൽ പോയി മൃതദേഹം കിടന്ന സ്ഥലം പ്രേംകുമാർ പൊലീസിന് കാണിച്ചു കൊടുത്തു. ഉടൻ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പട്ടു. പ്രേംകുമാർ പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം ലഭിച്ചിരുന്നോ എന്നാണ് ആദ്യം പൊലീസ് ആരാഞ്ഞത്. ഒരു സ്ത്രീയുടെ അജ്ഞാത ശരീരം ലഭിച്ചിരുന്നുവെന്നും തിരിച്ചറിയാനാവാത്തതിനാൽ മറവു ചെയ്തുവെന്നുമാണ് തിരുനൽവേലി വള്ളിയൂർ പൊലീസ് സിഐ തിരുപ്പതി നൽകിയ വിശദീകരണം. മൃതദേഹത്തിന്റെ ഫോട്ടോയും കൈമാറി. ഉടൻ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്ത് ബന്ധുക്കളെ കാണിച്ച് മൃതദേഹം വിദ്യയുടേതു തന്നെയെന്ന് ഉറപ്പിച്ചു. ഇതോടെയാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രേംകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൂട്ടുപ്രതി സുനിത ബേബിയെ അറസ്റ്റ് ചെയ്യുന്നത്.

പ്രേംകുമാറിനെയും കൂട്ടുപ്രതി സുനിത ബേബിയെയും 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് ഉദയംപേരൂരിലും വരും ദിവസങ്ങളിൽ തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തിരുനൽവേലി വള്ളിയിരൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.

കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ‘കൊലപാതകത്തിനു കാരണക്കാരായ പലരും പുറത്തുണ്ട്’ എന്നു പ്രേംകുമാർ മാധ്യമങ്ങളോടു പറഞ്ഞു. പ്രേംകുമാറിനെ ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ സെല്ലിലും സുനിതയെ മറ്റൊരു മുറിയിൽ വനിത പൊലീസിന്റെ നിരീക്ഷണത്തിലുമാണ് പാർപ്പിച്ചത്. ഇന്ന് രാവിലെ ഉദയംപേരൂർ നടക്കാവിൽ പ്രേംകുമാറും ഭാര്യ വിദ്യയും താമസിച്ചിരുന്ന വാടക വീട്ടിൽ എത്തിച്ചു തെളിവെടുക്കും. കൊലപാതകത്തിന് ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപത്തെ കട, മദ്യം വാങ്ങിയ ചൂരക്കാട്ടെ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ് എന്നിവിടങ്ങളിലും എത്തിക്കും.