ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ഉദയംപേരൂർ മീൻകടവ് മുണ്ടശേരിൽ ബിനുരാജ് (32) തൂങ്ങി മരിച്ച നിലയിൽ. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17) വിനെ മുൻ കാമുകൻ കൂടിയായ ബിനുരാജ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബർ 18 നായിരുന്നു കൊലപാതകം.
പൂണിത്തുറ സെന്റ് ജോർജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്‌പയുടെയും മകൾ എലിസബത്ത് (നീതു) നാലുവയസുള്ളപ്പോൾ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെൺകുഞ്ഞിനെ അനാഥാലയത്തിൽ നിന്നു ദത്തെടുത്തു നീതുവെന്നു തന്നെ പേരിട്ടു വളർത്തിയത്. ഇവർക്കു നിബു, നോബി എന്നീ രണ്ട് ആൺമക്കൾ കൂടിയുണ്ട്.
നീതു പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂർത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തിൽ പെട്ട ഏറെ മുതിർന്ന ആളെ പ്രണയിക്കുന്നതു വീട്ടുകാർ വിലക്കി. ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഉദയംപേരൂർ സ്‌റ്റേഷനിൽ രണ്ടു പേരെയും വിളിച്ചുവരുത്തി. പ്രണയമാണെന്നും വിവാഹം കഴിക്കാൻ തയാറാണെന്നും ഇവർ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു.
അന്നു വീട്ടുകാരോടൊപ്പം പോകാൻ വിസമ്മതിച്ച നീതുവിനെ ആദ്യം വനിതാ ഹോസ്‌റ്റലിലും പിന്നീടു ബന്ധുക്കളുടെ വീടുകളിലും താമസിപ്പിച്ചു. മനംമാറ്റമുണ്ടായ നീതു പിന്നീട് ബിനുരാജിനെ കാണുന്നതിനു വിമുഖത പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്‌കൂളിൽ പ്ലസ് വൺ ക്ലാസിൽ ചേർന്നെങ്കിലും താൽപര്യമില്ലാതെ പഠനം നിർത്തി. സമീപത്തെ ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷൻ കോഴ്‌സ് പഠിക്കുകയായിരുന്നു. 2014 ഡിസംബർ 18 ന് ബാബുവും പുഷ്‌പയും ജോലിക്കു പോയ ശേഷം വീട്ടിൽ തനിച്ചായിരുന്ന നീതുവിന്റെ കരച്ചിൽ കേട്ട അയൽവാസിയായ യുവാവാണു ബിനുരാജ് നീതുവിനെ വെട്ടി വീഴ്‌ത്തുന്നതു കണ്ടത്. രാവിലെ എട്ടുമണിയോടെ വീടിന്റെ ടെറസിൽ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണു കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്. തുടർന്ന് പൊലീസെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
Leave a Reply