ലണ്ടൻ ∙ കൊറോണ വൈറസ് വ്യാപനം അനുദിനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ ലോകത്തെ പ്രമുഖ വിമാനക്കമ്പനികൾ എല്ലാംതന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു. ചൈന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും പല വിമാനക്കമ്പനികളും റദ്ദാക്കി. ഇതിനിടെ കൊറോണയെ നേരിടാൻ കൂടുതൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തി. എല്ലാ സാധ്യതകളും കണക്കിലെടുത്ത് വ്യക്തമായ കർമപരിപാടികൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും ആവശ്യമായ സാഹചര്യങ്ങളിൽ ഉചിതമായി രീതിയിൽ മാത്രം ഇവ നടപ്പിൽ വരുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

ബ്രിട്ടീഷ് എയർവേസ്, എമിറേറ്റ്സ്, റയൺഎയർ, ഈസി ജെറ്റ് എന്നീ വിമാനക്കമ്പനികാളാണ് സർവീസുകൾ ഏറെയും റദ്ദാക്കിയത്. ഗൾഫിലേത് ഉൾപ്പെടെ പല വിമാനക്കമ്പനികളും ജീവനക്കാർക്ക് നിർബന്ധിത അവധിയും നൽകിയിട്ടുണ്ട്. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പല വിമാനക്കമ്പനികളും പൂർണമായും നിർത്തി. ചില കമ്പനികൾ അമേരിക്കൻ, യൂറോപ്പ് സർവീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്.

കൊറോണ ഭിതിയിൽ എല്ലാവരും യാത്രകൾ മാറ്റിവച്ചതോടെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങളിലെ യാത്രകൾ പലതും റദ്ദാക്കി. ഈസ്റ്റർ ഹോളിഡേ ബുക്കിംങ്ങുകൾ നടത്തിയിട്ടുള്ളവരെല്ലാം യാത്രയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിക്ക റൂട്ടുകളിലും യാത്രക്കാരേ ഇല്ലാത്ത സ്ഥിതിയാണെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. ലണ്ടനിൽനിന്നും അമേരിക്കയിലേക്കുള്ള സർവീസുകൾ കുറച്ചത് യാത്രക്കാരുടെ കുറവുമൂലം മാത്രമാണെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. ഹീത്രുവിൽനിന്നും ന്യൂയോർക്കിലേക്കുള്ള 12 സർവീസുകളാണ് ഇതുവരെ കുറച്ചത്. ഹോങ്കോങ്, സിംഗപ്പൂർ, സോൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തി. മാർച്ച് 17 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഹീത്രൂവിൽനിന്നും പുറപ്പെടേണ്ട 171 സർവീസുകൾ ബ്രിട്ടീഷ് എയർവേസ് വേണ്ടെന്നു വച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിലെ കുറവാണ് കാരണം. ലണ്ടനിൽനിന്നും ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് റെയൺ എയറും ഈസി ജെറ്റും നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 31 വരെയാണ് നിയന്ത്രണം.

പുതിയ ബുക്കിംങ് ഇല്ലാത്തതും നിലവിലുള്ള ബുക്കിംങ് യാത്രക്കാർ ക്യാൻസൽ ചെയ്യുന്നതുമാണ് വിമനക്കമ്പനികെളെ പ്രതിസന്ധിയിലാക്കുന്നത്. സർവീസികൾ നിർത്തിവയ്ക്കുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ പലതും ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചു.

2001ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായി ഭീകരാക്രമണത്തെത്തുടർന്ന് വ്യോമഗതാഗത മേഖലയിൽ ഉണ്ടായ പ്രതിസന്ധിയേക്കാൾ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ ഈ മേഖല നേരിടുന്നത്. പല വിമാനക്കമ്പനികളുടെയും നിലനിൽപിനു തന്നെ ഭീഷണിയുയർത്തുന്ന പ്രതിസന്ധിയായി ഇതു വളർന്നേക്കുമെന്ന ആശങ്കയുമുണ്ട്.