ന്യൂസ് ഡെസ്ക് മലയാളം യുകെ

ആരോഗ്യകരമായ ഒരു ജീവിതശൈലി പിൻ തുടരുന്നതിന് ഭക്ഷണക്രമത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. ആവശ്യമായ വിറ്റാമിനുകൾ , ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയ പഴങ്ങൾ ഹൃദയാരോഗ്യത്തിനും മറ്റ് ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനും സഹായകരമാണ് . എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നവരുടെ പട്ടിക ഔവർ വേൾഡ് ഇൻ ഡേറ്റാ പുറത്തുവിട്ടപ്പോൾ ആ പട്ടികയിൽ യുകെയും യുഎസും ഇല്ല . കരീബിയൻ ദീപായ ഡൊമിനിക്കയിൽ ഉള്ളവരാണ് ലോകത്ത് ഏറ്റവും കൂടുതൽ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് .ഡൊമിനിക്കയിലെ ജനങ്ങൾ ഒരു വർഷം 387.18 കിലോഗ്രാം പഴങ്ങളാണ് തങ്ങളുടെ ഭക്ഷണത്തിൻറെ ഭാഗമാക്കുന്നത്. ഇത്രയും പഴങ്ങൾ ഒരാൾ കഴിക്കണമെങ്കിൽ ഏകദേശം 1500 ആപ്പിളുകളോ അതുമല്ലെങ്കിൽ 2500 വാഴപ്പഴങ്ങളോ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കേണ്ടതായി വരും.

എന്നാൽ 2020 -ലെ കണക്കുകൾ പ്രകാരം യുകെയിലെ ജനങ്ങൾ 86.4 കിലോഗ്രാം പഴങ്ങൾ മാത്രമേ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുന്നുള്ളൂ . നിലവിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നവരുടെ പട്ടികയിൽ യുകെ 65-ാം സ്ഥാനത്താണ് ഒരു ശരാശരി അമേരിക്കക്കാരൻ പ്രതി വർഷം 93.8 കിലോഗ്രാം പഴങ്ങൾ കഴിക്കുന്നുണ്ട്. പട്ടികയിൽ യുഎസ് 51-ാം സ്ഥാനത്താണ് . 195 രാജ്യങ്ങളുടെ പട്ടികയാണ് ഔവർ വേൾഡ് ഇൻ ഡേറ്റാ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഔവർ വേൾഡ് ഇൻ ഡേറ്റാ പ്രവർത്തിക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയാണ്.

പട്ടിക അനുസരിച്ച് ഇന്ത്യയിലെ ജനങ്ങൾ ശരാശരി 62.7 3 കിലോഗ്രാം പഴങ്ങൾ മാത്രമേ ഒരു വർഷം കഴിക്കുന്നുള്ളൂ. പട്ടികയിൽ 113-ാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. പട്ടിക പ്രകാരം ഗ്രീസ് (142 കിലോഗ്രാം), പോർച്ചുഗൽ (130.5 കിലോഗ്രാം), ഇറ്റലി (129.9 കിലോഗ്രാം) എന്നീ രാജ്യങ്ങളാണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നത് .  ആഗോളതലത്തിൽ ഏറ്റവും കുറവ് പഴങ്ങൾ കഴിക്കുന്നവരുടെ പട്ടികയിൽ ഉള്ളത് സാംബിയ (4.6 കിലോഗ്രാം), ചാഡ് (7.1 കിലോഗ്രാം), ടോഗോ (7.4 കിലോഗ്രാം) എന്നീ രാജ്യങ്ങളാണ് .

യുകെയിലെ ശരാശരി ഒരു വ്യക്തി പ്രതിവർഷം 20.3 കിലോഗ്രാം ഓറഞ്ചും 17.1 കിലോഗ്രാം ആപ്പിളും 13.8 കിലോ ഏത്തപ്പഴവും കഴിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് .

ലോകത്തിലെ ഏറ്റവും കൂടുതൽ പഴം കഴിക്കുന്ന രാജ്യങ്ങളുടെ പട്ടിക

ഡൊമിനിക്ക 387.18 കിലോ
ഡൊമിനിക്കൻ റിപ്പബ്ലിക് 353.04 കി
ഗയാന 294.05 കി
പാപുവ ന്യൂ ഗിനിയ 214.97 കിലോ
സാവോ ടോമും പ്രിൻസിപ്പും 200.98 കി
ഉഗാണ്ട 200.89 കിലോ
അൽബേനിയ 190.80 കി.ഗ്രാം
ഘാന 179.59 കിലോ
മലാവി 174.02 കിലോ
സമോവ 157.71 കിലോ

ഏറ്റവും കുറവ് പഴങ്ങൾ കഴിക്കുന്ന രാജ്യങ്ങളുടെ പട്ടിക

ഗാംബിയ 4.61 കിലോ
സാംബിയ 7.01 കിലോ
ചാഡ് 7.05 കിലോ
ടോഗോ 7.35 കിലോ
എത്യോപ്യ 12.21 കിലോ
മൗറിറ്റാനിയ 12.37 കിലോ
മംഗോളിയ 13.10 കിലോ
കംബോഡിയ 13.76 കിലോ
ഈസ്റ്റ് തിമോർ 13.82 കി
ലെസോത്തോ 14.81 കിലോ