ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗിക കടത്തിനും ചൂഷണത്തിനും വഴിയൊരുക്കുന്നതായി ആരോപിക്കപ്പെടുന്ന വെബ്‌സൈറ്റുകളെ കുറിച്ച് യുകെയിലെ സ്വതന്ത്ര അടിമത്ത വിരുദ്ധ കമ്മീഷണർ അന്വേഷണം ആരംഭിച്ചു. വിവാസ്ട്രീറ്റ് ഉൾപ്പെടെയുള്ള പിമ്പിംഗ് വെബ്‌സൈറ്റുകൾ, ദുർബലരായ സ്ത്രീകളെയും പെൺകുട്ടികളെയും വാങ്ങാൻ സാധ്യത ഉള്ള കടത്തുകാരിലേയ്ക്ക് എത്തിക്കാൻ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് എലീനർ ലിയോൺസ് പറഞ്ഞു.
2021-ൽ നടത്തിയ സ്കോട്ടിഷ് പാർലമെന്ററി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ലൈംഗിക കടത്ത് വ്യാപാരത്തെ കൂടുതൽ എളുപ്പമാക്കുന്നതായി എലീനർ ലിയോൺസ് പറയുന്നു. ഇത്തരം വെബ്സൈറ്റുകൾ നിരവധി പേരെയാണ് ഓരോ ദിവസവും കടത്തുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് കൂടുതൽ കർശനമായ നിയന്ത്രണം കൊണ്ടുവരണം എന്നും അന്വേഷണ സംഘം പറയുന്നു.
ഇത്തരത്തിൽ ഓൺലൈനിൽ പരസ്യം ചെയ്യപ്പെടുന്ന ഇരകളെ തിരിച്ചറിയാൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്ന ആരോപണവും ഉയർന്ന് വരുന്നുണ്ട്. ഒരേ സ്ത്രീകളെ ഒന്നിലധികം സ്ഥലങ്ങളിൽ പോസ്റ്റ് ചെയ്യുന്നതോ ഒരു ഫോൺ നമ്പർ നിരവധി പ്രൊഫൈലുകളുമായി ലിങ്ക് ചെയ്തിരിക്കുന്നതോ പോലുള്ള സംഭവങ്ങൾ ഉണ്ടായതായും എലീനർ ലിയോൺസ് ചൂണ്ടിക്കാട്ടി. അതേസമയം ലൈംഗിക തൊഴിലിൽ തുടരുന്ന സ്ത്രീകൾ ഓൺലൈൻ പരസ്യം അവരുടെ ജോലി സുരക്ഷിതമാക്കിയിട്ടുണ്ടെന്നും, അവർക്ക് കൂടുതൽ സ്വാതന്ത്ര്യവും ക്ലയന്റുകളുടെ മേൽ നിയന്ത്രണവും നൽകുന്നുണ്ടെന്നും വാദിക്കുന്നു.
Leave a Reply