ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ കോസ്റ്റ് ഗാർഡ് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ പിടിച്ചെടുത്ത റഷ്യൻ പതാകയിലുള്ള എണ്ണക്കപ്പൽ ‘മറിനേര’ പിടിച്ചെടുക്കാനുള്ള നടപടിയിൽ ബ്രിട്ടീഷ് സായുധസേന സഹായം നൽകിയതായി യുകെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഐസ്‌ലാൻഡിനും സ്കോട്ട് ലൻഡിനുമിടയിലെ കടൽമേഖലയിൽ യാത്ര ചെയ്യുന്നതിനിടെയാണ് കപ്പൽ തടഞ്ഞത്. യുഎസിന്റെ അഭ്യർഥന പ്രകാരം ആർഎഎഫ് നിരീക്ഷണ വിമാനങ്ങളും റോയൽ നേവിയുടെ സഹായക്കപ്പൽ ആർഎഫ്എ ടൈഡ്ഫോഴ്സും ഓപ്പറേഷനിൽ പങ്കെടുത്തു. അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായി പാലിച്ചുള്ള നടപടിയാണിതെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെനിസ്വേല, ഇറാൻ, റഷ്യ എന്നിവയ്ക്കായി ഉപരോധം മറികടന്ന് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റിന്റെ’ ഭാഗമാണ് പിടിച്ചെടുത്ത കപ്പൽ എന്നാണ് അമേരിക്കയുടെ ആരോപണം. കഴിഞ്ഞ മാസം കരീബിയൻ കടലിൽ വെച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ കപ്പൽ പാത മാറ്റുകയും പേര് മാറ്റി റഷ്യൻ കപ്പലായി പുനർരജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. 2024 മുതൽ യുഎസ് ഉപരോധത്തിലായിരുന്ന ഈ കപ്പൽ ഇറാനുവേണ്ടി 7.3 മില്യൺ ബാരൽ എണ്ണ കൈമാറ്റം നടത്തിയതായും അതിന്റെ വരുമാനം ഭീകരപ്രവർത്തനങ്ങൾക്കും അസ്ഥിരതയ്ക്കും ഉപയോഗിച്ചതായും ഹീലി പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനും ഇത്തരം ഷാഡോ ഫ്ലീറ്റുകൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷനിൽ കപ്പലിൽ കയറിയത് യുഎസ് സേനയാണെന്നും യുകെ സൈനികർ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഹീലി പറഞ്ഞു. കപ്പലിന് ഹെസ്ബുല്ലയുമായി ബന്ധപ്പെട്ട അനധികൃത പ്രവർത്തനങ്ങളിലും പങ്കുണ്ടെന്ന വിലയിരുത്തലും പ്രതിരോധ മന്ത്രാലയം നടത്തി. ഇതിനിടെ റഷ്യ കപ്പൽ പിടിച്ചെടുത്തതിനെ ശക്തമായി വിമർശിക്കുകയും കപ്പലിലെ ജീവനക്കാരെ വേഗത്തിൽ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎസ് വെനിസ്വേല ബന്ധമുള്ള മറ്റൊരു എണ്ണക്കപ്പലും കരീബിയൻ കടലിൽ പിടിച്ചെടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.