ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലസ്സ പനി കേസുകൾ ആർക്കെങ്കിലും പിടിപെടുന്നുണ്ടോ എന്നുള്ള കാര്യത്തിൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കടുത്ത നിരീക്ഷണം ഏർപ്പെടുത്തി. ഇംഗ്ലണ്ടിൽ നിന്ന് നൈജീരിയയിലേയ്ക്ക് മടങ്ങിയ ഒരു യാത്രക്കാരന് ലസ്സ പനി സ്ഥിരീകരിച്ചതാണ് ആശങ്ക ശക്തമാകാൻ കാരണമായത്. പ്രസ്തുത വ്യക്തിയുമായി സമ്പർക്കത്തിൽ ഇരുന്ന കൂടുതൽ ആളുകൾ കടുത്ത നിരീക്ഷണത്തിലാണ്.
വൈറസ് ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരില്ലെന്നും പൊതുജനങ്ങൾക്ക് മൊത്തത്തിലുള്ള അപകട സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു. പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ആണ് ലസ്സ പനി വ്യാപകമായി കണ്ടുവരുന്നത്. ഭക്ഷണത്തിലൂടെയും എലികളുടെ വിസർജ്യങ്ങളിലൂടെയുമാണ് പനി ബാധിക്കുന്നത്.
ലസ്സ പനി യുകെയിൽ അപൂർവ്വമാണ്. നേരത്തെ കുറച്ചു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും അടുത്തയിടെ 2022 – ലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അണു വ്യാപനം ഉണ്ടാവാതിരിക്കാൻ ലസ്സ പനി ബാധിച്ചവരെ തിരിച്ചറിയാൻ എല്ലാ ശ്രമവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ രോഗത്തിന് നിലവിൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. ലസ്സ പനി കണ്ടെത്തുന്ന ആളുകൾക്ക് സപ്പോർട്ടീവ് ട്രീറ്റ്മെൻ്റ് ലഭിക്കും. സാധാരണഗതിയിൽ ലസ്സ പനി ബാധിച്ചവർക്ക് രോഗലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകി വരുന്നത് . പലപ്പോഴും രോഗബാധിതരായ പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. ചിലപ്പോഴൊക്കെ ഈ രോഗം ബാധിച്ചവർക്ക് മൂക്കിലൂടെയും വായിലൂടെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലൂടെയും രക്തസ്രാവത്തിന് കാരണമാകും. മിക്ക ആളുകൾക്കും രോഗം പൂർണ്ണമായും ഭേദമാവുകയില്ലെങ്കിലും ചിലർക്ക് മാരകമാകാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.
Leave a Reply