ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി യുകെ ബാങ്കുകളിലെ 70 മില്യന്‍ കറന്റ് അക്കൗണ്ടുകളില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തുന്നു. ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നയത്തിന്റെ ഭാഗമായാണ് ഈ പരിശോധന. ജനുവരി മുതല്‍ പരിശോധനകള്‍ ആരംഭിക്കും. വിസ കാലാവധി അവസാനിച്ചതിനു ശേഷവും രാജ്യത്ത് തുടരുന്ന 6000ത്തോളം പേരെയും അഭയാര്‍ത്ഥി സ്റ്റാറ്റസിന് അപേക്ഷിച്ച് ലഭിക്കാതിരുന്നിട്ടും യുകെയില്‍ തുടരുന്നവരെയും ഡീപോര്‍ട്ടേഷന്‍ അഭിമുഖീകരിക്കുന്ന വിദേശികളെയും കണ്ടെത്താനാണ് നടപടി.
ഇത്തരക്കാരെ ആദ്യ വര്‍ഷത്തെ പരിശോധനയില്‍ത്തന്നെ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പരിശോധനയില്‍ കണ്ടെത്തുന്ന ഇത്തരക്കാരുടെ അക്കൗണ്ടുകള്‍ റദ്ദാക്കുകകയോ മരവിപ്പിക്കുകയോ ചെയ്യും. യുകെയില്‍ അനധികൃതമായി താമസിക്കുന്നവരെ സമാധാനമായി കഴിയാന്‍ അനുവദിക്കില്ലെന്നാണ് ഇതേക്കുറിച്ചുള്ള വിശദീകരണം. സ്വമേധയാ രാജ്യം വിടാന്‍ സമ്മതിക്കുന്ന ഇത്തരക്കാരുടെ മരവിപ്പിച്ച അക്കൗണ്ടുകളിലെ പണം തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യം വിട്ടതിനു ശേഷമേ പണം നല്‍കൂ.
എന്നാല്‍ ഹോം ഓഫീസ് അടുത്തിടെ വരുത്തിയ പിഴവുകള്‍ പരിശോധിച്ചാല്‍ ഈ നടപടി തെറ്റുകള്‍ ഇല്ലാതെ നടപ്പാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇമിഗ്രേഷന്‍ വെല്‍ഫെയര്‍ ക്യാംപെയിനര്‍മാര്‍ പറയുന്നു. ബ്രിട്ടനില്‍ താമസിക്കാന്‍ യോഗ്യതയുള്ള കുടിയേറ്റക്കാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. ഹോം ഓഫീസിന്റെ സമീപകാലം ചരിത്രം ഇത്തരം നടപടികളില്‍ അതിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സത്ബീര്‍ സിങ് വ്യക്തമാക്കി.
Leave a Reply