ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ പ്രധാന കോസ്റ്റൽ നഗരങ്ങളായ ലണ്ടൻ, ബ്രിസ്റ്റോൾ, ഹൾ തുടങ്ങിയവ കാലാവസ്ഥ വ്യതിയാനം മൂലം വാസയോഗ്യമല്ലാതാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ക്ലൈമറ്റ് ക്രൈസിസ് അഡ്വൈസറി ഗ്രൂപ്പ് ചെയർമാൻ സർ ഡേവിഡ് കിങ്. ആഗോളതാപനം മൂലം സമുദ്രനിരപ്പിൽ ഉണ്ടാക്കുന്ന വർധന ഈ നഗരങ്ങളെ വെള്ളത്തിനടിയിൽ ആക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ ആഗോളതാപനത്തെ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ, ബ്രിട്ടൻ കൂടുതൽ തീവ്രതയുള്ള കൊടുങ്കാറ്റുകളെയും, പ്രളയങ്ങളെയും മറ്റും നേരിടേണ്ടതായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ ബ്രിട്ടനിലെ തലസ്ഥാനം ലണ്ടനിൽ നിന്ന് നീക്കേണ്ടതായ സാഹചര്യം പോലും ഉണ്ടാകാമെന്ന് കാലാവസ്ഥ വിദഗ്ധനായ ഡേവിഡ് കിങ് വ്യക്തമാക്കി. ഒരു ദ്വീപ് രാജ്യമായ ബ്രിട്ടൻ കാലാവസ്ഥ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ നേരിടേണ്ടി വരുക, സമുദ്രനിരപ്പിൽ ഉള്ള അനിയന്ത്രിതമായ വർധനവും, കൊടുങ്കാറ്റുകളും മറ്റും ആയിരിക്കും.

നിലവിലെ പോലെ തന്നെ ഹരിതഗൃഹവാതകങ്ങളുടെ പുറം തള്ളൽ തുടർന്നാൽ ഒരിക്കലും തിരിച്ചു പിടിക്കാൻ ആകാത്തവിധം നഷ്ടങ്ങൾ ഉണ്ടാകും. ഇന്തോനേഷ്യയിൽ അടുത്തിടെയായി നടന്നത് ഇതിന് ഉദാഹരണമാണെന്ന് ഡേവിഡ് കിങ് പറഞ്ഞു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത നഗരം നിലവിൽ തന്നെ വാസയോഗ്യമല്ലാതായി മാറി കഴിഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെയാണ് ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി, സമുദ്രനിരപ്പിൽ വർദ്ധനവ് ഉണ്ടാകുമ്പോൾ തന്നെ രാജ്യത്തിനകത്ത് നദികളിലും ക്രമാതീതമായ തോതിലുള്ള ജലത്തിന്റെ വർദ്ധനവ് ഉണ്ടാകും. അതിനാൽ തന്നെ നഗരങ്ങൾക്ക് നിലനിൽക്കാൻ ആകാത്ത സാഹചര്യം ഉണ്ടാകുമെന്നും ഡേവിഡ് കിങ് മുന്നറിയിപ്പുനൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഉണ്ടാകും. അതിനാൽ തന്നെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. അടുത്തമാസം ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി ഇതിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.