ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുദ്ധമുഖത്ത് റഷ്യൻസേനയെ പ്രതിരോധിക്കാൻ യുക്രൈന് ബ്രിട്ടൻ ദീർഘദൂര ക്രൂസ് മിസൈലുകൾ നൽകും. 250 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള സ്റ്റോം ഷാഡോ മിസൈലാണ് കൈമാറുന്നത്. യുദ്ധവിമാനങ്ങളിൽനിന്ന് പ്രയോഗിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഇവ. യുക്രൈന് യു.എസ്. നൽകിയ ഹിമാർസ് മിസൈലിന് 80 കിലോമീറ്റർ സഞ്ചാരശേഷിയേ ഉള്ളൂ. മിസൈൽ നൽകുന്ന കാര്യം ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി ബെൻ വാലസ് വ്യാഴാഴ്ച ജനപ്രതിനിധിസഭയിൽ അറിയിച്ചു. എത്ര മിസൈലുകളാണ് നൽകുക എന്നതുസംബന്ധിച്ച വിശദീകരണം അദ്ദേഹം നൽകിയില്ല.
ദീർഘദൂരമിസൈലുകളുൾപ്പെടെയുള്ള ആയുധസഹായം യുക്രൈന് നൽകുന്ന ആദ്യരാജ്യം ബ്രിട്ടനായിരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഈ മിസൈലുകളുപയോഗിച്ച് റഷ്യയെ അങ്ങോട്ടുകയറി ആക്രമിക്കില്ലെന്നും പക്ഷേ, സ്വയംപ്രതിരോധത്തിന് ഉപയോഗിക്കുമെന്നും യുക്രൈൻ അറിയിച്ചതായി വാലസ് വ്യക്തമാക്കി. അധിനിവേശ റഷ്യൻ ശക്തിയെ സമയോചിതമായി പ്രതിരോധിക്കാൻ യുക്രൈനു കഴിയുക എന്നുള്ളതാണ് ഇതിലൂടെ ബ്രിട്ടൻ ലക്ഷ്യമിടുന്നത്.
ഫെബ്രുവരിയിൽ, യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉക്രെയ്നിലേക്ക് ദീർഘദൂര മിസൈലുകൾ അയയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ആയുധം സമാഹരിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി. റഷ്യൻ ബോംബുകളിൽ നിന്നും ഇറാനിയൻ ഡ്രോണുകളിൽ നിന്നും യുക്രൈനു രക്ഷ സാധ്യമാകണമെന്നും, അതിനായിട്ടാണ് ദീർഘദൂര ആയുധങ്ങൾ നൽകുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി.
Leave a Reply