ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ( 74 ) കിരീടധാരണം ഇന്ന്. 39 ഇംഗ്ലീഷ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ കിരീടധാരണത്തിന് വേദിയായ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ചടങ്ങുകൾ ആരംഭിക്കും. 5.30ന് അവസാനിക്കും. ചാൾസിനൊപ്പം രാജ്ഞിയായി കാമിലയുടെ കിരീടധാരണവും നടക്കും. കാന്റർബറി ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ. നീണ്ട 70 വർഷത്തിന് ശേഷം അരങ്ങേറുന്ന കിരീടധാരണമായതിനാൽ ഗംഭീര ആഘോഷമാണ് ബ്രിട്ടണിലെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് മൂത്തമകനായ ചാൾസ് രാജസിംഹാസനത്തിന്റെ ഉടമയായത്.

രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാൾസ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബർ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ ഔദ്യോഗികമായി അധികാരമേ​റ്റിരുന്നു. രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങൾക്ക് കൂടുതൽ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മെയ് മാസം നടത്താൻ നിശ്ചയിച്ചത്. 1952 ഫെബ്രുവരി 6 -ന് പിതാവ് ജോർജ് ആറാമൻ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂൺ 2 -നായിരുന്നു. രാജകുടുംബവുമായി അകന്ന് കഴിയുന്ന ചാൾസിന്റെ ഇളയ മകൻ ഹാരി ചടങ്ങിൽ പങ്കെടുക്കുമെങ്കിലും ഭാര്യ മേഗനും മക്കളും കാലിഫോർണിയയിൽ തുടരും. മൂത്ത മകൻ വില്യം,​ ഭാര്യ കേറ്റ് മിഡിൽടൺ,​ ചാൾസിന്റെ സഹോദരങ്ങളായ ആൻ, ആൻഡ്രൂ, എഡ്വേഡ് തുടങ്ങിയ രാജകുടുംബാംഗങ്ങളെല്ലാം ചടങ്ങിന്റെ ഭാഗമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പോളിഷ് പ്രസിഡന്റ് ആൻഡ്രെ ഡ്യൂഡ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, സ്പെയിനിലെ ഫിലിപ്പ് രാജാവ്, ജപ്പാനിലെ കിരീടാവകാശി അകിഷിൻസോ, വിവിധ സെലിബ്രിറ്റികൾ തുടങ്ങിയവർ പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡന് പകരം പത്നി ജിൽ ബൈഡൻ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പങ്കെടുക്കും. 2,200 അതിഥികളെയാണ് കിരീടധാരണത്തിന് ക്ഷണിച്ചിട്ടുള്ളത്.

360 വർഷം പഴക്കമുള്ള സെന്റ് എഡ്വേഡ് കിരീടമാണ് ചാൾസിനെ അണിയ്ക്കുക. ഒരടി നീളവും രണ്ട് കിലോയോളം ഭാരവുമുണ്ട് കിരീടത്തിന്. മേരി രാജ്ഞിയുടെ കിരീടമാണ് കാമില അണിയുക. അതേ സമയം, യു കെ സർക്കാരാണ് കിരീടധാരണ ചടങ്ങുകൾക്ക് പണം ചെലവഴിക്കുന്നത്. ഇത് എത്രയാണെന്ന് വ്യക്തമല്ല. എന്നാൽ വൈകാതെ ഡേറ്റകൾ പുറത്തുവിടുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ഇന്നത്തെ 46 ദശലക്ഷം പൗണ്ട് ( 4,73 കോടി രൂപ ) ആണ് ചെലവായത്. ചാൾസിന് ഇതിന്റെ ഇരട്ടിയിലേറെ വരും. ജീവിതച്ചെലവും വിലക്കയറ്റവും ഉയരുന്ന യുകെയിൽ കിരീടധാരണ ചെലവുകൾ ജനരോഷത്തിനിടയാക്കിയേക്കും.