ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രാജ്യത്തെ വൈറസ് ബാധിത പ്രദേശങ്ങളിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് എൻഎച്ച്എസ് അധികൃതർ മുന്നറിയിപ്പുനൽകി. രോഗബാധിതരുടെ എണ്ണം മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ നിലയിലേയ്ക്ക് എത്തിച്ചേർന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
കഴിഞ്ഞ മാസത്തിലെ അവസാന മൂന്ന് ആഴ്ചയിൽ രാജ്യത്തെ 16 പേരിൽ ഒരാൾക്ക് വൈറസ് ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ മൂന്നിലൊന്നായി കുറഞ്ഞു . ഇംഗ്ലണ്ടിലുടനീളം ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ അവസാനിപ്പിച്ചതിന് ശേഷമുള്ള ഈ വിവരങ്ങളും യഥാർഥ സ്ഥിതി വിശേഷവുമായി വളരെയേറെ അന്തരമുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
ആരോഗ്യ വകുപ്പിൻറെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച 389,368 പേർക്കാണ് വൈറസ് ബാധിച്ചത്. അതിനു മുമ്പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 169,364 പേരുടെ കുറവാണ് കാണിക്കുന്നത്. എന്നാൽ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നിർത്തലാക്കിയതു മൂലം രോഗ ലക്ഷണമുള്ള പലരും ടെസ്റ്റുകൾക്ക് വിധേയരാകുന്നില്ല. രോഗവ്യാപന നിരക്ക് ഫെബ്രുവരിയിലെ 2.88 ശതമാനത്തിൽ നിന്ന് മാർച്ചിൽ 6.37 ശതമാനമായി ഉയർന്നതായാണ് ലണ്ടനിലെ ഇംപീരിയൽ കോളേജും ഇപ്‌സോസ് മോറിയും പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്.
Leave a Reply