ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വൻ നാശനഷ്ടം വിതച്ചു കൊണ്ട് സുഡാനിൽ ആഭ്യന്തര കലാപം വ്യാപിക്കുന്നതിന്റെ റിപ്പോർട്ടുകൾ ലോകത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. സൈന്യത്തിന്റെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിന്റെ വ്യാപകമായ ദൃശ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നതിനിടെ അവിടെയുള്ള ബ്രിട്ടീഷ് വംശജരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കകൾ ഉയർന്നിരുന്നു.
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് നയതന്ത്രരെ ഒഴിപ്പിച്ചു. സങ്കീർണവും വേഗത്തിലുള്ളതുമായ പ്രവർത്തനത്തിലൂടെ ബ്രിട്ടീഷ് നയതന്ത്രരെയും അവരുടെ കുടുംബത്തെയും ഒഴിപ്പിച്ചതായി പ്രധാനമന്ത്രി റിഷി സുനകാണ് സ്ഥിരീകരിച്ചത്. സുഡാനിൽ തുടരുന്ന മറ്റ് ബ്രിട്ടീഷ് വംശജരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗവൺമെൻറ് പ്രതിജ്ഞാബദ്ധരാണ് അദ്ദേഹം അറിയിച്ചു. സുഡാനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അമേരിക്ക നേരത്തെ ഒഴിപ്പിച്ചിരുന്നു.
സുഡാനിൽ പലസ്ഥലങ്ങളിലും യുദ്ധത്തെ തുടർന്ന് സ്ഥിതി വളരെ രൂക്ഷമായതിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയും നിലച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് വെടിനിർത്തൽ ഉറപ്പാക്കാനുള്ള നയതന്ത്ര ശ്രമങ്ങളിൽ ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെയുള്ള നേതൃത്വങ്ങളിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. യുകെയും ഈജിപ്തും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി റിഷി സുനകും ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ – സി സി യും ഇന്നലെ അറിയിച്ചിരുന്നു.
Leave a Reply