ലണ്ടന്‍: യുകെ ക്രിസ്തുമസ് തിരിക്കില്‍ മുങ്ങുമ്പോള്‍ സാധാരണക്കാരുടെ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ധന വില ഉയര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവധിക്കാല യാത്രകള്‍ക്കായി ഒട്ടേറെപ്പേര്‍ തയ്യാറെടുക്കുന്ന സമയത്ത് ഇന്ധനവില ഉയര്‍ന്നത് വാഹന ഉടമകള്‍ക്ക് ആഘാതമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 23നും ന്യൂ ഇയറിനുമിടയില്‍ ഒട്ടേറെ ലെഷര്‍ ട്രിപ്പുകള്‍ നടക്കാറുള്ളതാണ്.

      

120.69 പെന്‍സ് ആണ് ശരാശരി പെട്രോള്‍ വില. കഴിഞ്ഞ വര്‍ഷം ഇത് 115.8 പെന്‍സ് മാത്രമായിരുന്നു. 2015ല്‍ 103.4 പെന്‍സ് ആയിരുന്നു ക്രിസ്തുമസ് കാലത്തെ പെട്രോള്‍ വില. 2013ലാണ് ഇതിനു മുമ്പ് ക്രിസ്തുമസ് കാലത്ത് ഇന്ധനവില ഉയര്‍ന്നിട്ടുള്ള്. അന്ന് പെട്രോളിന് 131 പെന്‍സും ഡീസലിന് 138.4 പെന്‍സും ആയിരുന്നു വില. ഡീസല്‍ വില ഈയാഴ്ച ശരാശരി 123.2 പെന്‍സ് ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 118.4 പെന്‍സും 2015ല്‍ 106.8 പെന്‍സും ആയിരുന്നു.

ഇത്തരത്തിലുള്ള വില വര്‍ദ്ധനവ് ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങളുടെ അവസരങ്ങളിലും മറ്റും യാത്രക്കാര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 3.4 ശതമാനം വര്‍ദ്ധിക്കും. മോട്ടോര്‍വേ പമ്പുകളിലെ ഇന്ധനവില സൂപ്പര്‍മാര്‍ക്കറ്റുകളിലേതിനേക്കാള്‍ കൂടുതലാണ്. ഇങ്ങനെ ജനങ്ങള്‍ക്കു മേല്‍ കടുത്ത സാമ്പത്തിക ഭാരമാണ് ഏല്‍പ്പിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.