നോ-ഡീല്‍ ബ്രെക്‌സിറ്റ് യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് ചുവപ്പുനാടയുടെ കുരുക്ക് സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ട്. റോഡ്മാര്‍ഗ്ഗം പോകുന്നവര്‍ക്ക് യൂറോപ്പില്‍ കടക്കണമെങ്കില്‍ അനുമതി ആവശ്യമായി വരും. മാര്‍ച്ച് 29നു ശേഷം യൂറോപ്പിലേക്കോ അയര്‍ലന്‍ഡിലേക്കോ പോകാന്‍ തയ്യാറെടുക്കുന്നവര്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കേണ്ടി വരും. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് ഇതേക്കുറിച്ച് സൂചനയുള്ളത്. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ തങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ ബന്ധപ്പെട്ട് ഗ്രീന്‍ കാര്‍ഡ് കരസ്ഥമാക്കണമെന്ന് മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. ഇന്‍ഷുറന്‍സ് രേഖയായി ഇത് കൈവശം വെക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ പറയുന്നത്.
നോ-ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായേക്കുമെന്ന സൂചനകള്‍ ശക്തമായതിനാല്‍ എല്ലാ ഇന്‍ഷുറന്‍സ് ഉപയോക്താക്കളും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യമായതിനാലാണ് ഈ അറിയിപ്പെന്ന് എബിഐ ഡയറക്ടര്‍ ജനറല്‍ ഹൂവ് ഇവാന്‍സ് പറഞ്ഞു. യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡില്‍ (EHIC) നേ-ഡീല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ട്രാവല്‍ ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ സാധാരണ മട്ടില്‍ തന്നെ തുടരും. എന്നാല്‍ എല്ലാ ആവശ്യങ്ങളും നിറവേറുന്ന ട്രാവല്‍ ഇന്‍ഷുറന്‍സാണോ എടുത്തിട്ടുള്ളതെന്ന് ഉപഭോക്താക്കള്‍ കൃത്യമായി പരിശോധിക്കണമെന്നും ഇവാന്‍സ് പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികള്‍ നോ-ഡീല്‍ ബ്രെക്‌സിറ്റ് ആഗ്രഹിക്കുന്നില്ല. ഉപഭോക്താക്കള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും അത് ദോഷമായിരിക്കും വരുത്തുകയെന്ന് ഇന്‍ഷുറര്‍മാര്‍ പറയുന്നു.
ഇത്തരം ക്രമീകരണങ്ങള്‍ വേണ്ടി വരാത്ത വിധത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവണ്‍മെന്റ്, യുകെ പാര്‍ലമെന്റ്, ഇയു27 എന്നിവരോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും എബിഐ അറിയിക്കുന്നു. ഗ്രീന്‍കാര്‍ഡ് സംബന്ധിച്ച് യൂറോപ്യന്‍ ഇന്‍ഷുറന്‍സ് അതോറിറ്റികള്‍ തമ്മില്‍ 2018 മെയ് മാസത്തില്‍ തന്നെ കരാറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നോ-ഡീല്‍ സാഹചര്യത്തില്‍ ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ല എന്നാണ് കരാറെങ്കിലും യൂറോപ്യന്‍ കമ്മീഷന്‍ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. അതായത് ഗ്രീന്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്‍ഷുറന്‍സ് മേഖല നീങ്ങുന്നത്.
Leave a Reply