ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഒരു ഡേറ്റിനായി ആഗ്രഹിക്കുന്നവർക്ക് ശരാശരി 14.8 ആഴ്ച വരെയാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാൽ മെയ് മാസത്തിൽ ഇത് 17.8 ആഴ്ചകളായി ഉയർന്നു. രണ്ടുമാസം കൊണ്ട് കാത്തിരിപ്പ് സമയത്തിൽ 20 ശതമാനം വർദ്ധനവാണ് വന്നിരിക്കുന്നത്.


24 ആഴ്ച വരെ കാത്തിരിപ്പു സമയമുള്ള ടെസ്റ്റ് സെൻററുകളുടെ എണ്ണം ഫെബ്രുവരി മാസത്തിൽ 94 ആയിരുന്നത് മെയ് മാസം ആയതോടെ 124 ആയി ഉയർന്നു. 2020 ന് മുമ്പ് ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റ് നടത്താനുള്ള കാത്തിരിപ്പ് സമയം ശരാശരി 6 ആഴ്ച മാത്രമായിരുന്നു. കോവിഡ് ലോക്ക് ഡൗണിൻ്റെ സമയത്ത് 850,000 ടെസ്റ്റുകൾ ആണ് റദ്ദാക്കപ്പെട്ടത്. ഇതാണ് രാജ്യംമൊട്ടാകെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾക്കുള്ള കാത്തിരിപ്പ് സമയം കുതിച്ചുയരാൻ കാരണമായത്.