ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉയർന്ന പലിശാനിരക്കിനും കാലാവസ്ഥയ്ക്കും പിന്നാലെ യുകെയുടെ സമ്പദ്‌വ്യവസ്ഥ ഒക്ടോബറിൽ പ്രതീക്ഷിച്ചതിലും ചുരുങ്ങിയതായി റിപ്പോർട്ട്. സെപ്റ്റംബറിലെ 0.2% വളർച്ചയ്ക്ക് ശേഷം സമ്പദ്‌വ്യവസ്ഥ ഒക്ടോബർ മാസത്തിൽ 0.3% ആണ് ഇടിഞ്ഞത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം നേരിടുന്നതിൻെറ ഭാഗമായി നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഒക്ടോബറിൽ യുകെയിൽ ആഞ്ഞടിച്ച ബാബറ്റ് കൊടുങ്കാറ്റും ടൂറിസം ഉൾപ്പെടെയുള്ള മേഖലയിൽ കനത്ത ആഘാതമാണ് നൽകിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമ്പദ്‌വ്യവസ്ഥ 0.1% ചുരുങ്ങുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നു. എന്നാൽ സർവീസസുകളെയും നിർമ്മാണ മേഖലകളെയും ഇത് ബാധിച്ചതോടെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും ചുരുങ്ങി. നിലവിൽ യുകെ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലാണ്. 2025 ജനുവരി വരെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല അപ്പോഴേക്കും പൊതു തിരഞ്ഞെടുപ്പിനുള്ള സമയം ആകും.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ പാദത്തെ അപേക്ഷിച്ച് ഒക്ടോബർ വരെയുള്ള മൂന്ന് മാസങ്ങളിലെ യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ വല്യ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഐടി, നിയമ, ചലച്ചിത്ര നിർമ്മാണ മേഖലകളിൽ ഉണ്ടായ ഇടിവാണ് ഒക്ടോബറിലെ തകർച്ചയുടെ പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നെന്ന് ഒഎൻഎസ് റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സെപ്തംബർ വരെ തുടർച്ചയായി 14 തവണ പലിശനിരക്ക് ഉയർത്തിയിരുന്നു. ഈ നീക്കം പണപ്പെരുപ്പം കുറയ്ക്കുമെങ്കിലും, സാമ്പത്തിക വളർച്ചയെ വളരെ മോശമായി തന്നെ ബാധിച്ചിട്ടുണ്ട്. നിലവിലെ പലിശനിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25% ആണ്. കുറച്ച് നാളത്തേക്ക് ഇത് നിലനിൽക്കുമെന്നാണ് നിഗമനം