ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ 2026 ജനുവരിയിൽ പ്രതീക്ഷിച്ചിരുന്ന വളർച്ച കൈവരിക്കാതെ മന്ദഗതിയിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഡിസംബറിൽ 0.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നെങ്കിലും ജനുവരിയിൽ ജിഡിപിയുടെ വളർച്ച നിരാശാജനകമായിരുന്നു . ഇതോടെ പുതിയ വർഷത്തിന്റെ തുടക്കം തന്നെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശങ്ക ഉളവാക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സേവന മേഖലയിലാണ് പ്രധാനമായും മന്ദഗതി പ്രകടമായത്. പ്രത്യേകിച്ച് ഹോട്ടൽ–റസ്റ്റോറന്റ് മേഖലയിൽ ആളുകൾ ചെലവ് കുറച്ചതോടെ ഭക്ഷണ-പാനീയ സേവന പ്രവർത്തനങ്ങളിൽ 2.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. വർഷത്തിന്റെ ആദ്യ മാസങ്ങൾ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പതിവായി തന്നെ വെല്ലുവിളിയേറിയ സമയമാണെങ്കിലും ഈ വർഷം വ്യാപാര സാഹചര്യം കൂടുതൽ കടുപ്പമായിരുന്നുവെന്നാണ് ഈ വ്യവസായ രംഗത്ത് നിന്നുള്ളവർ അഭിപ്രായപ്പെട്ടത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ആഗോള രാഷ്ട്രീയ സംഘർഷങ്ങളും ബ്രിട്ടന്റെ സാമ്പത്തിക സാഹചര്യം കൂടുതൽ അനിശ്ചിതമാക്കുന്ന ഘടകങ്ങളായി മാറിയിരിക്കുകയാണ്. അമേരിക്ക – ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ അതിന്റെ പ്രതികൂല സ്വാധീനം ബ്രിട്ടൻ സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ധനവില ഉയരുന്നതിന്റെ ആഘാതം ഇതിനകം തന്നെ പെട്രോൾ പമ്പുകളിലും ഗൃഹോപയോഗ ഇന്ധനച്ചെലവുകളിലും അനുഭവപ്പെടുന്നുണ്ട് . ഇതോടെ വിലക്കയറ്റം വീണ്ടും ഉയരാനുള്ള സാധ്യതയും ശക്തമായി. മുമ്പ് ഈ വർഷം വസന്ത കാലത്തോടെ വിലക്കയറ്റം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പലിശനിരക്കിനെ കുറിച്ചുള്ള ഈ അനിശ്ചിതത്വം വായ്പാ വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിലെ പല ബാങ്കുകളും നൂറുകണക്കിന് മോർട്ട്ഗേജ് പദ്ധതികൾ പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്. ശരാശരി വായ്പാ പലിശനിരക്കുകൾ കഴിഞ്ഞ വർഷത്തെ ഉയർന്ന നിലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് . ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരിയിൽ ഉൽപാദന മേഖല 0.1 ശതമാനം കുറഞ്ഞപ്പോൾ നിർമാണ മേഖല 0.2 ശതമാനം വളർച്ച നേടിയിരുന്നു . ജനുവരി വരെ ഉള്ള മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥ 0.2 ശതമാനം വളർച്ച നേടിയതായി ആണ് കാണിക്കുന്നത്. എങ്കിലും ഉയർന്ന ഊർജവിലയും നീണ്ടുനിൽക്കുന്ന ഉയർന്ന പലിശനിരക്കും കാരണം കമ്പനികൾ നിക്ഷേപ പദ്ധതികൾ ചുരുക്കാൻ സാധ്യതയുണ്ടെന്നും, ഈ വർഷം ബ്രിട്ടൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 1.1 ശതമാനത്തോളം മാത്രമേ ഉണ്ടാകൂവെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.