ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദുര്‍ബലമാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്‌പെന്‍ഡിംഗ് വാച്ച് ഡോഗ്, ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ്. സമ്പദ് വ്യവസ്ഥ സ്ഥിരവും ശക്തവുമാണെന്ന പ്രധാനമന്ത്രി തെരേസ മേയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് മേധാവി റോബര്‍ട്ട് ചോട്ടിന്റെ പ്രസ്താവന. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് രാജ്യം വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നും ഓട്ടം ബജറ്റ് സമയത്തെ കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂ സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍.
മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലും അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഒരു മാന്ദ്യത്തിന് സാധ്യതയുണ്ട്. കുറച്ചു കാലത്തെ സാമ്പത്തിക വളര്‍ച്ചക്ക് ശേഷം മാന്ദ്യത്തിന്റെ കാലത്തിലൂടെ കടന്ന് പോകുന്നതാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ സ്വഭാവം. 2017ല്‍ യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. നാണ്യപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ കുറവ് വരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ മൂലം വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ വരുന്നത് കുറഞ്ഞതും തിരിച്ചടിയായി. അതേസമയം മറ്റു വികസിത രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് മുന്നോട്ടായിരുന്നു.
രാജ്യത്തിന്റെ ഉദ്പാദന വളര്‍ച്ചയില്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന നിരക്ക് കഴിഞ്ഞ നവംബറില്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് വെട്ടിക്കുറച്ചിരുന്നു. നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന നിരക്കിലും കുറവ് വരുത്തി. ഉദ്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുന്നില്ല. 2017ന്റെ മൂന്നാം പാദത്തില്‍ 0.9 ശതമാനം മാത്രമായിരുന്നു മൊത്തം ഉദ്പാദന വളര്‍ച്ച.
Leave a Reply