ലണ്ടന്‍: യുകെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റി. 2017 ല്‍ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട മാന്ദ്യം ഉണ്ടാകുമെന്നും പ്രവചനം പറയുന്നു. നവംബര്‍ മുതല്‍ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം നടത്തുന്നുണ്ട്. 1.4 ശതമാനത്തില്‍ നിന്ന് 2 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്ന് പ്രവചിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ 2018ല്‍ മുമ്പ് പ്രവചിച്ച 1.6 ശതമാനം വളര്‍ച്ചയുണ്ടാവില്ലെന്നും ഒബിആര്‍ പറയുന്നു.
ബ്രെക്സിറ്റിനു മുമ്പ് പ്രവചിച്ചതിലും മോശമായ ചിത്രമാണ് ഈ പ്രവചനം നല്‍കുന്നത്. സമ്പദ് വ്യവസ്ഥ വളരെ വേഗത്തില്‍ വളരുകയും അതേപോലെ താഴേക്ക് പോകുകയും ചെയ്യുമെന്നാണ് പ്രവചനം പറയുന്നത്. പൊതുമേഖലയില്‍ ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തിലാണ് പ്രധാനമായും മാറ്റമുണ്ടാകാനിടയുള്ളത്. ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ കാര്യമായി കടം വാങ്ങേണ്ടി വരില്ലെന്നാണ് ഒബിആര്‍ പ്രവചിക്കുന്നത്.
2016ല്‍ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിലും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃവിപണിയാണ് ഈ വളര്‍ച്ചയെ സഹായിച്ചത്. എന്നാല്‍ അവസാന മാസങ്ങളില്‍ ഗാര്‍ഹിക വരുമാനം ഒരേനിരപ്പില്‍ നില്‍ക്കുകയും ചെലവ് വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ നിക്ഷേപത്തില്‍ നിന്നെടുത്ത് ചെലവ് ചെയ്യാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഒബിആര്‍ പറയുന്നു. ഇത് സാമ്പത്തിക മേലയ്ക്ക് കനത്ത ആഘാതമായിരിക്കും ഭാവിയില്‍ സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തല്‍.