ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മരുന്നുകളുടെ ക്ഷാമം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള യുദ്ധം തുടരുകയാണെങ്കിൽ പെയിൻകില്ലറുകൾ മുതൽ ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ വരെയുള്ളവയുടെ ലഭ്യതയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞതും വിമാന സർവീസുകൾ കുറച്ചതും വിതരണ ശൃംഖലയെ ഗുരുതരമായി ബാധിച്ചു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ജനറിക് മരുന്നുകളും ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രിഡിയന്റ്സും എത്തിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

സാധാരണയായി 6 മുതൽ 8 ആഴ്ച വരെ സ്റ്റോക്ക് സൂക്ഷിക്കുന്ന മരുന്ന് വിതരണക്കാർ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ് . എൻഎച്ച്എസിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഏകദേശം 85% ജനറിക് വിഭാഗത്തിൽപ്പെടുന്നതും അവയിൽ വലിയൊരു വിഹിതം ഇന്ത്യയിൽ നിന്ന് എത്തുന്നതുമാണെന്നത് സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമാക്കുന്നുണ്ട് . വിമാന ചരക്ക് ചെലവ് ഇരട്ടിയായതോടെ ചില മരുന്നുകൾ വിതരണം ചെയ്യുന്നത് നഷ്ടകരമാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതോടെ ജിപി ക്ലിനിക്കുകൾക്കും ഫാർമസികൾക്കും ലഭിക്കുന്ന മരുന്നുകളുടെ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത് .

കപ്പലുകൾ ഗുഡ് ഹോപ്പ് തീരം ചുറ്റി സഞ്ചരിക്കേണ്ടതായതോടെ യാത്രയ്ക്ക് ഏകദേശം 14 ദിവസം അധികമായി വേണ്ടിവരുന്നുണ്ട് . എണ്ണ-വാതക വില വർധനവ് മരുന്നുകളുടെ നിർമ്മാണത്തിനാവശ്യമായ രാസവസ്തുക്കളുടെ ചെലവും ഉയർത്തിയിട്ടുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള ആഘാതം ഒടുവിൽ രോഗികൾക്കും പൊതുജനാരോഗ്യ സംവിധാനങ്ങൾക്കും ബാധകമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.











Leave a Reply