യുകെ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമമെന്ന് റിപ്പോര്‍ട്ട്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ് ശക്തമാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം മൂലം ഹോസ്‌പൈപ്പ് ബാന്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാട്ടര്‍ സപ്ലയറായ യുണൈറ്റഡ് യൂട്ടിലിറ്റീസ് ഇംഗ്ലണ്ടിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഉദ്യമത്തിലാണ്. വരും ദിവസങ്ങളിലും മഴയുണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം.
തങ്ങളുടെ റിസര്‍വോയറുകളിലെ ജലനിരപ്പ് പതിവിലും താഴെയാണെന്ന് കമ്പനിയുടെ വക്താവ് ഹെലന്‍ ആപ്‌സ് പറഞ്ഞു. ഈ സമയങ്ങളില്‍ കാണപ്പെടുന്ന നിരപ്പിനേക്കാള്‍ കുറവാണ് ഇപ്പോള്‍ കാണുന്നത്. ചൂട് കാലാവസ്ഥയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു. ആവശ്യം വര്‍ദ്ധിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ശരിയായ വിധത്തില്‍ സപ്ലൈ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളം ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മിക്കയാളുകളും അതിനനുസരിച്ച് ഉപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
എങ്കിലും ഉപയോഗം ഉയര്‍ന്ന നിരക്കിലാണ് നീങ്ങുന്നത്. അതിനാല്‍ ജനങ്ങള്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന നിര്‍ദേശം തുടര്‍ന്നും നല്‍കി വരികയാണെന്ന് അവര്‍ പറഞ്ഞു. മഴവെള്ള സംഭരണികളില്‍ നിന്നുള്ള വെള്ളവും ബാത്ത്ടടബ്ബുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്യുന്ന വെള്ളവും മറ്റും ഉപയോഗിച്ചു കൊണ്ട് പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് വാട്ടര്‍ സര്‍വീസ് റെഗുലേഷന്‍ അതോറിറ്റി മേധാവി റേച്ചല്‍ ഫ്‌ളെച്ചറും ആവശ്യപ്പെട്ടു. ഗാര്‍ഡനിംഗിനും കാര്‍ കഴുകാനും മറ്റും ടാപ്പ് വാട്ടര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
Leave a Reply