ലണ്ടന്‍: ഭവനരഹിതരെ അടിമകളാക്കിയ കുടുംബത്തിലെ എല്ലാ അംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ലിങ്കണ്‍ഷയറിലുള്ള റൂണി കുടുംബത്തിലെ 11 പേര്‍ കുറ്റക്കാരാണെന്ന് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയാണ് കണ്ടെത്തിയത്. ഭിക്ഷക്കാരെയും ഭിന്നശേഷിയുള്ളവരെയുമൊക്കെ ഇവര്‍ കുറഞ്ഞ ശമ്പളത്തിനോ അല്ലെങ്കില്‍ ശമ്പളമില്ലാതെയോ ജോലികള്‍ക്ക് നിയോഗിച്ചതായാണ് കണ്ടെത്തിയത്. കഴിഞ്ഞ 26 വര്‍ഷമായി ഇവര്‍ ഈ രീതി തുടര്‍ന്നു വരികയായിരുന്നു. അടിമകളാക്കപ്പെടുന്നവരെ മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. 18 പേരെ ഇവര്‍ അടിമകളാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെയും പെട്ടെന്ന് കീഴ്‌പ്പെടുത്താന്‍ കഴിയുന്നവരെയും തെരുവുകളില്‍ നിന്ന് തേടിപ്പിടിച്ചാണ് ഇവര്‍ അടിമകളാക്കിയിരുന്നത്. അടിമകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. കണ്ടെത്തിയവരില്‍ ഒരാള്‍ 26 വര്‍ഷത്തോളമായി ഇവര്‍ക്കുവേണ്ടി അടിമപ്പണി ചെയ്യുകയായിരുന്നു. ഇരയാക്കപ്പെട്ടവര്‍ നേരിട്ട മാനസികാഘാതം വളരെ വലുതാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ചിലര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

ജോലിയും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് നല്‍കിയിരുന്നത് ഹീറ്റിംഗ്, ബാത്ത്‌റൂം സൗകര്യങ്ങളും ആവശ്യത്തിന് വെള്ളവും ഇല്ലാത്ത ജീര്‍ണ്ണിച്ച കാരവനുകളായിരുന്നു. അടുത്തുള്ള കാട്ടിലായിരുന്നു ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറാന്‍ സൗകര്യം കൊടുത്തത്. ഇവര്‍ തയ്യാറാക്കിയ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഒരു ഇരയെക്കൊണ്ട് സ്വന്തം കുഴിമാടം കുഴിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.