ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃതമായ ആളുകളുടെ കുടിയേറ്റം തടയുവാൻ മുഴുവൻ സമയ സർവൈലൻസ് നടത്തുവാൻ യുകെ- ഫ്രാൻസ് സംയുക്ത തീരുമാനം ആയിരിക്കുകയാണ്. അതിർത്തി സംരക്ഷിക്കുന്നതിന് ബ്രിട്ടൻ തങ്ങളോട് നന്ദി പറയണമെന്ന് കഴിഞ്ഞദിവസം ഒരു ഫ്രഞ്ച് മന്ത്രി മാധ്യമങ്ങളോട് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും, അത് കണക്കിൽ എടുക്കാതെയാണ് ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനം ആയിരിക്കുന്നത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ ഈ ആഴ്ച രണ്ട് ദിവസം യുകെയിൽ ചെലവഴിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്ന കുടിയേറ്റക്കാരുടെയും ദുർബലരായ അഭയാർത്ഥികളുടെയും എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒരു നിരീക്ഷണ വിമാനം മുഴുവൻ സമയവും ഇതിനായി ഏർപ്പെടുത്താനാണ് നീക്കം. തങ്ങൾ ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി അതിർത്തി കാക്കുന്നു. അതിനാൽ തന്നെ പരാതികളേക്കാൾ നന്ദി ലഭിക്കാനാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്.
നിരീക്ഷണ വിമാനത്തിന് എല്ലാ കാലാവസ്ഥയിലും പറക്കാൻ കഴിയും. കനത്ത മേഘാവൃതമായ അവസ്ഥയിൽ ശരിയായി പ്രവർത്തിക്കാൻ സാധിക്കാത്ത ഡ്രോണുകളെക്കാൾ വളരെ മികച്ച പ്രകടനം ആയിരിക്കും ഈ വിമാനം നടത്തുക എന്നും ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ആർ എഫ് ഐയോട് വ്യക്തമാക്കി.

ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിനും വ്യാഴാഴ്ച രാവിലെ നാഷണൽ ക്രൈം ഏജൻസിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വേണ്ടി കുടിയേറ്റ നയം ചർച്ച ചെയ്ത ആഭ്യന്തര മന്ത്രി, ലണ്ടനിലേയ്ക്കുള്ള തന്റെ ആദ്യ ഔദ്യോഗിക യാത്രയിൽ രണ്ട് ദിവസം രാജ്യം സന്ദർശിച്ചു. യു കെയും ഫ്രാൻസും ഏറ്റവും ഉറച്ച സുഹൃത്തുക്കളാണെന്നും, മന്ത്രി ഡാർമനിനെ യുകെയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും യോഗത്തിന് ശേഷം സംസാരിച്ച ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഈ വർഷം കൊണ്ട് തന്നെ ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റം പൂർണ്ണമായും നിർത്തലാക്കുവാൻ സാധിക്കുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.