ബ്രിട്ടനിലെ ഇന്ധനവിലയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവുണ്ടായതായി പഠനം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കൂടിയ ഇന്ധന വിലയുള്ള രാജ്യങ്ങളില്‍ ബ്രിട്ടന്‍ മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ വര്‍ദ്ധനവ് വാഹന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ധനവിലക്കയറ്റത്തിന് അനുസരിച്ച് വിപണിയിലും മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. യുറോപ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില നിലവാരപ്പട്ടികയില്‍ യുകെ 19-ാം സ്ഥാനത്താണ്. ഡീസലിന്റെ കാര്യത്തില്‍ ഇതിലും ശോചനീയമാണ് കാര്യങ്ങള്‍. 29 അംഗ പട്ടികയില്‍ 25-ാം സ്ഥാനത്താണ് ബ്രിട്ടന്‍. വിലക്കയറ്റം ഗതാഗതമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
ക്രൂഡ് ഓയിലിന് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയ്ക്ക് ബാരലിന് 72 ഡോളറാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതാണ് യുകെ ഇന്ധന വിപണിയെ പ്രതികൂലമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 41 ലിറ്റര്‍ പെട്രോളിന്റെ വില 50 പൗണ്ടാണ്. ഇതേ വില നല്‍കിയാല്‍ 40.3 ലിറ്റര്‍ ഡീസലും ലഭിക്കും. ഏറ്റവും വിലക്കുറവില്‍ ഡീസല്‍ ലഭിക്കുന്നത് ലക്‌സെംബര്‍ഗിലാണ്. ഇവിടെ 50 പൗണ്ടിന് 53.3 ലിറ്റര്‍ ഡീസല്‍ ലഭിക്കും. അതേസമയം നോര്‍വെയിലുള്ളവരുടെ സ്ഥിതി ശോചനീയമാണ്. 50 പൗണ്ടിന് 35 ലിറ്റര്‍ പെട്രോളും 37 ലിറ്റര്‍ ഡീസലുമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ലഭിക്കുന്നത്.
രണ്ട് പെട്രോള്‍ പമ്പുകളെങ്കിലുമുള്ള യുകെയിലെ ടൗണുകളിലും സിറ്റികളിലെയും വിവരങ്ങള്‍ പരിശോധിച്ചാണ് വിലനിലവാരം സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. നോര്‍ത്ത് ഡെവണിലെ വൂളാകോമ്പ് എന്ന സ്ഥലത്താണ് ഡീസലിന് ഏറ്റവും വിലകൂടുതലുള്ളത്. പ്രദേശിക തലത്തില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിക്കുന്നതിന് പല കാരണങ്ങളുണ്ട്. റിഫൈനറിയില്‍ നിന്ന് എത്ര ദൂരത്താണ് പെട്രോള്‍ സ്‌റ്റേഷന്‍ നിലനില്‍ക്കുന്നത്, സിറ്റികളില്‍ നിന്നുള്ള അകലം, മാര്‍ക്കറ്റിന്റെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങള്‍ വില നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ഓഫ് പെട്രോള്‍ പ്രൈസസ് ജേയ്‌സണ്‍ ലോയ്ഡ് വ്യക്തമാക്കി.
Leave a Reply