ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസിൻെറ രോഗവ്യാപനം തടയാൻ ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ നൽകാനൊരുങ്ങി ബ്രിട്ടീഷ് ഗവൺമെൻറ്. ഇന്ന് മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ രോഗവ്യാപനതോത് ഉയരുമെന്ന ആശങ്ക രാജ്യമൊട്ടാകെ ഉയർന്നിട്ടുണ്ട്. എല്ലാ വീടുകളിലേയ്ക്കും സൗജന്യമായി ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ നൽകാനുള്ള ബൃഹത് പദ്ധതി സർക്കാർ നടപ്പിലാക്കുന്നതിലൂടെ രോഗവ്യാപനത്തെ പിടിച്ച് നിർത്താനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് 19 ബാധിച്ച മൂന്നുപേരിൽ ഒരാൾക്ക് വ്യക്തമായ രോഗലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ രോഗബാധിതനെ തിരിച്ചറിയാൻ ഈ നടപടി വളരെ നിർണ്ണായകമാകും.
നിലവിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ ഇല്ലാത്തവരോ 18 വയസ്സോ അതിൽകൂടുതലോ പ്രായമായിട്ടുള്ളവരോടാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ജോലിയോ പഠനമോ നടക്കുന്ന സ്ഥലത്ത് നിന്ന് കോവിഡ്-19 പരിശോധനകൾ ഒന്നുംതന്നെ കിട്ടാത്ത സാഹചര്യത്തിൽ വീടുകളിൽ പരിശോധന നടത്താനാണ് നിർദേശം കൊടുത്തിരിക്കുന്നത്. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾക്ക് പകരം അവർ തീർച്ചയായും പിസിആർ ടെസ്റ്റ് നടത്തുകയും സ്വയം ഒറ്റപ്പെടലിന് വിധേയമാകുകയും ചെയ്യണം.
Leave a Reply