ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നോർത്ത് വെയിൽസിലെ വിൽഫയിൽ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആസൂത്രണം ചെയ്തതിനുശേഷം പിന്നീട് പണി പൂർത്തിയാക്കാതെ ഉപേക്ഷിച്ച ആണവനിലയം ബ്രിട്ടൻ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരു പുതിയ ആണവനിലയത്തിനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുകയാണെന്നും, ഇത് സംബന്ധിച്ച് ഹിറ്റാച്ചിയുമായി ചർച്ചകൾ നടന്നു വരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആംഗ്ലീസി ദ്വീപിൽ ഹിറ്റാച്ചിയുടെ ഉടമസ്ഥതയിലുള്ള ഈ സൈറ്റിൽ റിയാക്ടർ നിർമ്മിക്കാനുള്ള ശ്രമം ഗവൺമെന്റുമായുള്ള സാമ്പത്തിക കരാർ പരാജയപ്പെട്ടതിനെ തുടർന്ന് ഹിറ്റാച്ചി ഉപേക്ഷിക്കുകയായിരുന്നു.

സോമർസെറ്റിലെ ഹിങ്ക്‌ലി പോയിൻ്റ് സിയിലും സഫോക്കിലെ സൈസ്‌വെല്ലിലും നിലവിലുള്ള പദ്ധതികളിൽ കാര്യമായ കാലതാമസവും ഭീമമായ ചിലവുകളും ഉണ്ടായിട്ടും, ആണവോർജ്ജ ഉൽപ്പാദനം വിപുലീകരിക്കാൻ സർക്കാർ സമീപ വർഷങ്ങളിൽ പ്രതിജ്ഞാബദ്ധമായാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതികളെയെല്ലാം ഏകോപിപ്പിക്കുന്നതിനായി ഗ്രേറ്റ്‌ ബ്രിട്ടീഷ് ന്യൂക്ലിയർ എന്ന സമിതി മേൽനോട്ടത്തിനായി രൂപീകരിക്കുകയും ചെയ്തു. 2050 – ഓടെ 24 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിൽ റിയാക്ടറുകൾ വികസിപ്പിക്കുമെന്നും, ബ്രിട്ടന്റെ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ ആണവോർജ വികസന പദ്ധതിയാകും ഇതെന്ന പ്രഖ്യാപനമാണ് സർക്കാർ ജനുവരിയിൽ നടത്തിയത്. കാർബൺ എമിഷൻ ഒന്നുമില്ലാതെ തന്നെ, ഇത് ബ്രിട്ടന്റെ നാലിലൊന്ന് ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.


ഫിനാൻഷ്യൽ ടൈംസ് പ്രകാരം, ഹിറ്റാച്ചിയും ജിബി ന്യൂക്ലിയറും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾക്ക് ശേഷം വിൽഫ സൈറ്റിന്റെ മൂല്യം 200 മില്യൺ പൗണ്ട് തുകയാണ് എന്നതാണ്. 2019 ജനുവരിയിൽ ഹിറ്റാച്ചി തങ്ങളുടെ പദ്ധതികൾ ഉപേക്ഷിച്ചിരുന്നു. ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കാൻ ഏറ്റവും മികച്ച ഒരു സൈറ്റാണ് വിൽഫ എന്ന് ഒരു ഗവൺമെന്റ് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ ഈ പദ്ധതിയെ വിമർശിക്കുന്നവർ ഇത് വളരെ ചിലവേറിയതാണെന്നും, അതോടൊപ്പം തന്നെ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന വാദങ്ങളാണ് ഉയർത്തുന്നത്. ന്യൂക്ലിയർ എനർജിയുടെ ഒരു ഗുണമേന്മ എന്നത്, അത് കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് തീരെ കുറവാണ് എന്നതാണ്. എന്നാൽ ആണവ മാലിന്യങ്ങളുടെ നിർമ്മാർജ്ജനം ഏവരെയും ആശങ്കപ്പെടുത്തുന്ന ഒരു വിഷയം തന്നെയാണ്.