ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തെ പുതിയ കുടിയേറ്റ വിസ നിയമങ്ങൾ അടുത്ത വർഷം ജനുവരിയിൽ ലേബർ സർക്കാർ അവതരിപ്പിക്കുമെന്ന വാർത്തകൾ പുറത്തുവന്നു. പുതിയ വിസ കുടിയേറ്റ നയത്തിൽ മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും വിദേശ തൊഴിലാളി വിസകൾക്കായി പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള യുകെ ഗവൺമെൻ്റിൻ്റെ പദ്ധതികൾ പുതുവർഷത്തിൽ അവതരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ആണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത് . പുതുവർഷത്തിൽ കുടിയേറ്റം കുറയ്ക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന ധവള പത്രത്തിൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

മൈഗ്രേഷൻ കുറയ്ക്കുന്നതിന് തദ്ദേശീയരായ തൊഴിലാളികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിടുമെന്നാണ് പൊതുവെ കരുതുന്നത്. വിദേശത്തുനിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം ഇവിടെയുള്ള തൊഴിൽ ശക്തിയെ ഉപയോഗിക്കാനുള്ള നടപടികൾ വേണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. ഐടി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളെ കുറിച്ച് വിശദമായ പരിശോധന നടത്താൻ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തു നിന്നും കൂടുതൽ റിക്രൂട്ട്മെൻറ് നടക്കുന്ന മേഖലകളാണ് ഇവ എന്നാണ് ഇതിന് പ്രധാന കാരണമായി ആഭ്യന്തര സെക്രട്ടറി ചൂണ്ടി കാണിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025 ജനുവരി മുതൽ പ്രൊഫസർ ബ്രയാൻ ബെൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. തന്റെ കാലാവധി അവസാനിക്കുന്നതു വരെ മുഴുവൻ സമയം സേവനം അദ്ദേഹം നൽകും. പ്രധാനമായും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും കുടിയേറ്റ നയത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ നടപ്പിലാക്കുക. കഴിഞ്ഞ സർക്കാരിൻറെ അവസാന കാലഘട്ടത്തിൽ കുടിയേറ്റം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒട്ടേറെ നടപടികൾ നടപ്പിലാക്കിയിരുന്നു. കെയർ മേഖലയിലും സ്റ്റുഡൻറ് വിസയിലും എത്തിയവരുടെ ആശ്രിതർക്ക് വിസ അനുവദിക്കുന്നത് നിർത്തലാക്കിയത് അതിൻറെ ഭാഗമായിരുന്നു.

എന്നാൽ നൈപുണ്യ പരിശീലനം നൽകി നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ പദ്ധതികളിൽ കാര്യമായി വിജയം കൈവരിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ പദ്ധതി വിജയകരമല്ലെന്ന് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയർ മേഖല ഉൾപ്പെടെയുള്ള പലരംഗത്തും തദ്ദേശീയരായ ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടാതെ ഈ സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.