ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ് ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന തീരുമാനം 1956 ലെ സൂയസ് പ്രതിസന്ധിക്ക് ശേഷം ബ്രിട്ടന്റെ ഏറ്റവും വലിയ വിദേശനയ ദുരന്തമാണെന്ന് വിദേശകാര്യ സമിതി ചെയർമാൻ വ്യക്തമാക്കി. അഫ് ഗാൻ – താലിബാൻ പ്രശ്നം രൂക്ഷമായപ്പോൾ ഒരു പ്രസ്താവനയും നടത്താത്ത വിദേശകാര്യ സെക്രട്ടറിയെ ടോറി എംപി ടോം തുഗെൻഡാറ്റ് വിമർശിച്ചു. യുകെ “അഫ് ഗാൻ ജനതയെ ഉപേക്ഷിച്ചു” എന്ന് തുഗെൻഡാറ്റ് തുറന്നടിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഉച്ചയ്ക്ക് അടിയന്തിര കോബ്രാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. അഫ് ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ബുധനാഴ്ച ഒരു ദിവസം പാർലമെന്റ് തിരിച്ചുവിളിക്കുമെന്ന് സ്പീക്കർ ഓഫീസ് അറിയിച്ചു. അഫ്ഗാനിസ്ഥാൻ തകർന്നപ്പോൾ ബ്രിട്ടീഷ് സർക്കാർ നിശബ്ദമായിരുന്നുവെന്നും ഇത് യുകെയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഇത് വളരെ സങ്കടകരമായ അവസ്ഥയാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സംഘർഷ ഭൂമിയിൽ നിന്നൊഴിപ്പിക്കുക എന്നതാണ് മുൻഗണന എന്ന് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2012 -ൽ താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ് യുകെയിൽ അഭയം തേടിയ സമാധാന നൊബേൽ ജേതാവ് മലാല, ആഗോള, പ്രാദേശിക ശക്തികൾ അടിയന്തര വെടിനിർത്തലിന് ആവശ്യപ്പെടണമെന്നും മാനുഷിക സഹായം നൽകണമെന്നും അഭയാർത്ഥികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. “താലിബാൻ അഫ് ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ഞാൻ ഞെട്ടലോടെയാണ് കാണുന്നത്. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശ വക്താക്കൾ എന്നിവരെക്കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലയാണ്,” അവൾ പറഞ്ഞു. എംപിയാകുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച തുഗെൻ‌ഹാട്ട്, ബ്രിട്ടീഷ് സൈന്യത്തിനൊപ്പം സേവനമനുഷ്ഠിച്ച എല്ലാ അഫ്ഗാൻ ജനങ്ങളെയും ഒഴിപ്പിക്കാത്തത് ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി.

എന്നാൽ ആരോടും പ്രതികാരം ചെയ്യില്ലെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ബിബിസിയോട് പറഞ്ഞു. സമാധാനപരമായ അധികാര കൈമാറ്റത്തിനായി കാബൂളിന്റെ പ്രാന്തപ്രദേശത്ത് കാത്തുനിൽക്കാൻ തീവ്രവാദികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുർബലരായ അഫ്ഗാൻ ജനങ്ങൾക്ക് കഴിയുന്നത്ര അഭയം നൽകാൻ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ യുകെയോട് ആവശ്യപ്പെട്ടു. അതേസമയം അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഫ്​ഗാൻ പ്രതിസന്ധി ച‌ർച്ച ചെയ്യാൻ അടിയന്തര യുഎൻ രക്ഷാസമിതി യോഗം വിളിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.