ന്യൂസ് ഡെസ്ക് മലയാളം യുകെ
പെട്ടെന്ന് ഉന്മേഷവും ശാരീരികമായുള്ള ഉത്തേജനവും നൽകുന്ന ലഹരി മരുന്നാണ് കൊക്കെയ്ൻ . കൊക്കെയ്ൻ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വിശപ്പ് കുറയും. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഉയരുന്നതു മൂലം ഹൃദ് രോഗമുള്ളവർക്ക് കൊക്കൈൻ കടുത്ത അപകടകാരിയാണ്. ശാരീരികം മാത്രമല്ല ഈ മരുന്നിന്റെ ഉപയോഗം ഉത്കണ്ഠ ,വിഷാദം തുടങ്ങിയ കടുത്ത മാനസിക വൈകല്യങ്ങൾക്കും കാരണമായി തീരും.
കൊക്കൈൻ ഉപയോഗിക്കുന്നതിൽ ലോകത്തിലെ തന്നെ രണ്ടാം സ്ഥാനമാണ് ബ്രിട്ടനുള്ളതെന്ന കണക്കുകൾ പുറത്തുവന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധർക്ക് ഉളവാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ കൊക്കൈൻ ഉപയോഗത്തിൽ ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. യുഎസിന്റെ സ്ഥാനം അഞ്ചാമതാണ്.
കൊക്കയിൻ ഉപയോഗത്തിൽ യുകെ വളരെ മുന്നിലാണെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് യുകെ മലയാളി മാതാപിതാക്കളിൽ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് വ്യത്യസ്തമായി ചെറുപ്രായത്തിൽ തന്നെ ഈ- സിഗരറ്റ് പോലുള്ള ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങൾ കുട്ടികളിലും യുവതലമുറകളുടെ ഇടയിലും പടർന്നു പിടിക്കുന്നതിന്റെ ഭയാശങ്കകൾക്കിടയിലാണ് മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വാർത്തകൾ വന്നിരിക്കുന്നത്.
യുകെയിലെ ജനങ്ങളുടെ ഇടയിൽ അമിതമായ മദ്യപാന ശീലമാണ് കൊക്കൈൻ ഉപയോഗത്തിന്റെ പിന്നിലെന്ന അഭിപ്രായം വിദഗ്ധർക്ക് ഉണ്ട് . പലരും മദ്യത്തിൻറെ ഹാങ്ങ് ഓവർ മറികടക്കാനുള്ള ഉത്തേജകമരുന്നായാണ് കൊക്കൈയിൻ കഴിക്കുന്നത്. കുട്ടികളുടെയും യുവാക്കളുടെയും സ്വഭാവത്തിലും മറ്റും ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളെ മാതാപിതാക്കൾ മനസ്സിലാക്കണമെന്നും ഒരുപക്ഷേ തുടക്കത്തിൽ തന്നെ മയക്കു മരുന്ന് പോലുള്ള ദുശീലങ്ങളുടെ ഉപയോഗം തിരിച്ചറിയാൻ ഇത് സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മെക്സിക്കോയുമായി അതിർത്തി പങ്കിടലാണ് അമേരിക്കയിൽ കൊക്കൈന്റെ ലഭ്യത കൂടാനും വിലക്കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ് (ഒ ഇ സി ഡി )36 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കൊക്കൈൻ ഉപയോഗത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചത്. യുകെയിൽ സ്ത്രീകളെക്കാൾ ഇരട്ടിയിലധികം പുരുഷന്മാരാണ് കൊക്കൈൻ ഉപയോഗിക്കുന്നത്. കൊക്കൈൻഉപയോഗ മൂലം 840 പേരാണ് 2021 -ൽ മരിച്ചത്. 2011ൽ ഇത് 112 പേർ മാത്രമായിരുന്നു.
Leave a Reply